കൊറോണ വൈറസ് അഥവാ കോവിഡ്-19 എന്ന മഹാമാരി വളരെയധികം ആശങ്കയുണർത്തുന്ന രീതിയിൽ ആണ് ലോകമെമ്പാടും പടർന്നുകൊണ്ടിരിയ്ക്കുന്നത്. മൂന്ന് മാസങ്ങൾക്കു മുൻപ് മനുഷ്യനിലേക്ക് പടർന്ന രോഗം വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ ലോകത്തെ ഒട്ടുമിക്ക  ഭൂഖണ്ഡങ്ങളെയും കീഴ്പ്പെടുത്തിക്കഴിഞ്ഞു. ലോകത്താകമാനം 7 ലക്ഷത്തിൽപ്പരം കൊറോണ ബാധിതർ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിയ്ക്കുന്നത്. അതുപോലെ തന്നെ മുപ്പത്തേഴായിരത്തിൽ പരം മനുഷ്യർ കൊറോണ രോഗം ബാധിച്ചു മരണപ്പെട്ടിട്ടുണ്ട്. ഇന്ത്യയും സിംഗപ്പൂരും ഉൾപ്പെടെ വികസിത, വികസ്വര, അവികസിത എന്ന വേർപാടില്ലാതെ 199 ഓളം രാജ്യങ്ങൾ ഈ മഹാമാരിയുമായി യുദ്ധം ചെയ്തുകൊണ്ടിരിയ്ക്കുന്നു.

കൊറോണ എന്ന വൈറസ് നെ തടയാനുള്ള ഈ യുദ്ധത്തിൽ ഒട്ടുമിക്ക രാജ്യങ്ങളിലെയും സർക്കാരിന്‍റെയും ആരോഗ്യ മേഖലയുടെയും പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.  സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിയ്ക്കുക എന്നത് മാത്രമാണ് ഇതിനുള്ള പ്രതിരോധം. ഇന്ത്യയിൽ കേന്ദ്ര സർക്കാർ സമയോചിതമായി 21 ദിവസത്തെ രാജ്യവ്യാപകമായി ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.  ഇന്ത്യ പോലെ ജനസംഖ്യയിൽ മുന്നിട്ടു നിൽക്കുന്ന രാജ്യത്തു ലോക്ക് ഡൌൺ അല്ലാതെ സാമൂഹിക അകലം പാലിയ്ക്കാൻ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെയില്ല. കൊറോണ ഭീഷണിയെ ഏറ്റവും മികച്ച രീതിയിൽ പ്രതിരോധിയ്ക്കുന്ന ഒരു സംസ്ഥാനമാണ് നമ്മുടെ കൊച്ചു കേരളം. സുശക്തവും വേഗത്തിലും ഉള്ള പ്രതിരോധ പ്രവർത്തനങ്ങൾ കൊണ്ട് കേരള സർക്കാരും ആരോഗ്യ വകുപ്പും ലോകത്തിന്‍റെ തന്നെ കൈയ്യടി നേടുകയാണ്.

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൌൺ വളരെയധികം ബാധിയ്ക്കുന്ന ഒരു വിഭാഗം ജനങ്ങൾ ഉണ്ട്. പല മേഖലകളിലും ദിവസ വേതനത്തിന് ജോലി ചെയ്യുന്നവർ. അതുപോലെ തന്നെ സീസണൽ ആയ ജോലികളിൽ ഏർപ്പെട്ടിരിയ്ക്കുന്നവർ. സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള ആനുകൂല്യങ്ങൾക്ക് ഒരു പരിധിയുണ്ട്. അതിനപ്പുറം നമ്മുടെ സമൂഹത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ, ഭൂരിഭാഗം വരുന്ന ജനതയ്ക്ക് അതൊരു താങ്ങാകും. ഇങ്ങനെയുള്ള ഒരു പ്രധാന വിഭാഗത്തിൽപ്പെട്ട ആളുകളാണ്, വാദ്യകലാകാരൻമാർ. പൂരവും, ഉത്സവങ്ങളും എല്ലാം നിർത്തിവച്ചു. ആരാധനാലയങ്ങൾ അടച്ചിട്ടിരിയ്ക്കുന്നത് അവരുടെയൊക്കെ ജീവിതത്തെ വല്ലാതെ മാറ്റിമറിച്ചിട്ടുണ്ട്.

സിംഗപ്പൂരിലെ പൂരപ്രേമികളുടെ കൂട്ടായ്മയായ സിംഗപ്പൂര്‍ പൂരം കമ്മിറ്റി ഈ അവസരത്തിൽ വാദ്യകലാകാരന്മാർക്ക് താങ്ങായി മുന്നിട്ടിറങ്ങുകയാണ്. സിംഗപ്പൂര്‍ പൂരം കമ്മിറ്റി തങ്ങളാൽ ആകുംവിധം ഒരു തുക സംഭാവനയായി അംഗങ്ങളിൽ നിന്ന് ശേഖരിയ്ക്കുകയും പ്രസ്തുത തുകയുടെ ആദ്യ ഗഡു ആയ ഒരു ലക്ഷത്തിഅമ്പതിനായിരം രൂപ അയിലൂർ പൗര സമിതിയ്ക്ക് കൈമാറികൊണ്ട് ഈ സന്ദർഭത്തിൽ മാതൃകയായിരിയ്ക്കുന്നു.  അയിലൂർ പൗര സമിതി ഈ തുക  അയിലൂർ, കൊല്ലങ്കോട്, നെമ്മാറ ഭാഗങ്ങളിൽ ഉള്ള വാദ്യകലാകാരന്മാർക്ക് ധാന്യ കിറ്റുകൾ വാങ്ങുന്നതിനായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഇന്നുവരേയ്ക്കും 52 ഓളം ധാന്യ കിറ്റുകൾ പൗരസമിതി സംഘാടകരുടെ നേതൃത്വത്തിൽ വാദ്യ കലാകാരന്മാരുടെ വീടുകളിൽ എത്തിച്ചു കൊടുത്തിരിയ്ക്കുന്നു.

സിംഗപ്പൂര്‍ പൂരത്തിന്‍റെ പ്രധാന സ്പോണ്സർമാരിൽ ഒന്നായ സിനെർജി ഗ്രൂപ്പ്  ഇവരുടെ ഈ ഉദ്യമത്തിൽ പങ്കാളിയാവുകയും ഇതിലേയ്ക്കു നല്ലൊരു തുക സംഭാവനയായി നല്‍കുകയും ചെയ്തു. ഒട്ടേറെ സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സിനെർജി ഗ്രൂപ്പിന് സിംഗപ്പൂര്‍ കൂടാതെ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ഓഫീസുകളുണ്ട്.

ഈ സഹകരണത്തെ കുറിച്ച് കൂടുതൽ അറിയാനോ ഇതിലെയ്ക്കു സംഭാവന ചെയ്യാനോ  താല്പര്യമുള്ള സുമനസ്സുകൾക്കു സിംഗപ്പൂര്‍ പൂരം കമ്മിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്.