യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജു അന്തരിച്ചു

0

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ നേതാവും യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ബിജു(43) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ബുധനാഴ്ച രാവിലെ 8.15 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ബിജുവിന്റെ വൃക്കകൾ പ്രവർത്തനരഹിതമായിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവായിരുന്നുവെങ്കിലും കൊവിഡ് ബാധ ആന്തരികാവയവങ്ങൾക്കേൽപ്പിച്ച ആഘാതം വളരെ വലുതായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. സിപിഎം ജില്ലാ കമ്മറ്റി അംഗമാണ്. തിരുവനന്തപുരം കാരേറ്റിനടുത്ത് മേലാറ്റുകുഴിയിലാണ് ബിജുവിന്റെ വീട്. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ ആയതിന് പിന്നാലെയാണ് സംസ്ഥാന യുവജന ക്ഷേമ ബോർഡ് ഉപാദ്ധ്യക്ഷ പദത്തിലേക്ക് എത്തുന്നത്. വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ച് യുവജനക്ഷേമ ബോർഡിലും പി ബിജു ശ്രദ്ധ നേടി. എൽഎൽബി, ജേണലിസം ബിരുദധാരിയാണ് ബിജു.