ഹമാസ് ഉപനേതാവ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു

0

ബെയ്റൂട്ട്: ഹമാസിന്‍റെ ഉപനേതാവ് സലേ അൽ അരൂരി ബെയ്റൂട്ടിലെ വസതിക്കു നേരേയുണ്ടായ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ യുദ്ധഭീതി ലെബനൻ അതിർത്തിയിലേക്കും വ്യാപിച്ചു. ഇവിടെ ഇസ്രയേൽ സേന ജാഗ്രത പ്രഖ്യാപിച്ചു. ഇസ്രയേലിനെതിരേ ശക്തമായി തിരിച്ചടിക്കുമെന്നു ഹിസ്ബുള്ള പ്രഖ്യാപിച്ചു. ഒക്റ്റോബർ ഏഴിനാരംഭിച്ച യുദ്ധത്തിൽ ഹമാസിനേറ്റ ഏറ്റവും വലിയ പ്രഹരമാണ് അരൂരിയുടെ വധം. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇസ്രയേൽ ഏറ്റെടുക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല.

ഹിസ്ബുള്ള ഗ്രൂപ്പിന് ഏറെ സ്വാധീനമുള്ള ബെയ്റൂട്ടിലെ ദഹിയെയിൽ ഹമാസ് ഓഫിസിനുനേരേയുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് അരൂരി കൊല്ലപ്പെട്ടത്. ബഹുനിലക്കെട്ടിടത്തിന്‍റെ നാലാം നിലയിലായിരുന്നു ഹമാസ് ഓഫിസും അരൂരിയുടെ താമസവും. ഈ ഭാഗത്ത് കെട്ടിടത്തിൽ വലിയ ദ്വാരമുണ്ടായതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. കെട്ടിടം ഭാഗികമായി തകർന്നു. ഒരു കാറും സ്ഫോടനത്തിൽ തകർന്നു.

അരൂരിക്ക് സുരക്ഷയൊരുക്കിയിരുന്ന ഹിസ്ബുള്ളയ്ക്കും കനത്ത തിരിച്ചടിയാണ് ഡ്രോൺ ആക്രമണമെന്നതിനാൽ അവർ നേരിട്ടുള്ള യുദ്ധത്തിനു തുനിയുമെന്നാണ് ആശങ്ക. ഹിസ്ബുള്ള തലവൻ ഹസൻ നസറല്ലയുടെ പ്രതികരണത്തിന് കാത്തിരിക്കുകയാണ് ലോകം. ലെബനനിലെ ഏതെങ്കിലും നേതാക്കൾക്കെതിരേ ഇസ്രയേലിന്‍റെ നടപടിയുണ്ടായാൽ തിരിച്ചടിയുണ്ടാകുമെന്നു നസറല്ല നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ഹമാസിനെതിരായ യുദ്ധം തുടങ്ങിയതു മുതൽ ഹിസ്ബുള്ളയും ഇസ്രയേലും തമ്മിൽ നേരിയ ഏറ്റുമുട്ടലുകൾ പതിവാണ്. എന്നാൽ, ഇതു തീവ്രമാക്കിയിരുന്നില്ല ഹിസ്ബുള്ള. 2006ൽ ഇസ്രയേലും ഹിസ്ബുള്ളയുമായുണ്ടായ ഒരു മാസം നീണ്ട ഏറ്റുമുട്ടൽ തെക്കൻ ലെബനനെയും ബെയ്റൂട്ടിനെയും തകർത്തിരുന്നു.