മനസൊന്ന് ചുരണ്ടി നോക്ക് ടീച്ചറെ, ഒരു സവർണ്ണ തമ്പുരാട്ടിയുടെ അയിത്തം വമിക്കുന്നത് കാണാം’; രമ്യയെ പരിഹസിച്ച ദീപ നിശാന്തിനെതിരെ പ്രതിഷേധം

0

ആലത്തൂര്‍: ആലത്തുർ ലോക്‌സഭ മണ്ഡലം സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ വിമർശിച്ചു കൊണ്ടുള്ള ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഫേസ്ബുക്കില്‍ തന്നെ വ്യാപക പ്രതിഷേധം നടന്നുകൊണ്ടിരിക്കയാണ്. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ കോണ്‍ഗ്രസ് അണികളും നേതാക്കളും തന്നെ രംഗത്ത് എത്തിയിരുന്നു. കവിത മോഷണവും ക്ഷമാപണവും തുടങ്ങി വിവാദങ്ങളില്‍ നിറഞ്ഞു നിന്ന ആളാണ് ദീപ നിശാന്ത്.

ദീപ നിശാന്തിന്‍റെ കുറിപ്പ്

ആലത്തൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിക്കു വേണ്ടിയുള്ള വോട്ടഭ്യർത്ഥനയാണ്.ഇന്ത്യൻ യൂത്ത്‌ കോൺഗ്രസിന്റെ പേജിലാണ്‌ ആദ്യത്തെ ചിത്രം. ഫണ്ട് ശേഖരണത്തിനുള്ള പരസ്യവാചകം ശ്രദ്ധിക്കുക.’ രമ്യ തെരഞ്ഞെടുക്കപ്പെട്ടാൽ ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത്‌ വനിതാ എം പി ആവും’ എന്നാണ് അവകാശവാദം.ദീർഘകാലം കേരളനിയമ സഭാംഗവും എട്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഭാർഗവി തങ്കപ്പൻ 1971ലെ പൊതു തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യയുടെ എം പി യായി ലോകസഭയിൽ എത്തിയ ചരിത്രം മറന്നിട്ടുണ്ടാകണം.

രണ്ടാമത്തെ ചിത്രം ഷെയർ ചെയ്തിരിക്കുന്നത് ബഹു. എം എൽ എ ശ്രീ.അനിൽ അക്കരയാണ്. തങ്ങളുടെ സ്ഥാനാർത്ഥി കടന്നു പോന്ന ജീവിതത്തിന്റെ വേനൽവിതാനങ്ങളും കനൽവഴികളും പറഞ്ഞ് വോട്ടഭ്യർത്ഥിക്കുന്നതിൽ തെറ്റൊന്നുമില്ല. മാളികപ്പുറത്തമ്മയാകലാണ് ജീവിതലക്ഷ്യമെന്ന പ്രഖ്യാപനവും നന്നായിട്ടുണ്ട്.

ഒന്നോർക്കണം പൗരസംരക്ഷണത്തിനും നിയമനിർമ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാൻസ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് .ഐഡിയ സ്റ്റാർ സിങ്ങർ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണമെന്ന അപേക്ഷയുണ്ട്.ഒരു ജനാധിപത്യമതേതര രാഷ്ട്രത്തിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞല്ല വോട്ട് ചോദിക്കേണ്ടത്.

“ഒന്നു രണ്ടു ചിരട്ട കുടിപ്പോളം അച്ഛനുണ്ടോ വരുന്നെന്ന് നോക്കണം!

രണ്ടു നാലു ചിരട്ട കുടിച്ചെന്നാൽ ,അച്ഛനാരെടാ ഞാനെടാ, മോനെടാ ” എന്ന ചാരായ യുക്തിയാണ് മറുപടിയെങ്കിൽ സുലാൻ.

കുറിപ്പിനടിയില്‍ വരുന്ന കമന്‍റുകളില്‍ കൂടുതലും രമ്യയെ പിന്തുണച്ചുകൊണ്ടാണ് വരുന്നത്. പലരും ആലത്തൂര്‍ സ്ഥാനാര്‍ത്ഥി രമ്യയെ വിമ‍ര്‍ശിച്ച ദീപയ്ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിക്കുന്നു. പോസ്റ്റിനടിയില്‍ വന്ന ഒരു കമന്‍റിന് ദീപ നിശാന്തിട്ട പോസ്റ്റിനേക്കാള്‍ ലൈക്ക് ലഭിച്ചു. 5 കെ ലൈക്കുകള്‍ പോസ്റ്റിന് ലഭിച്ചപ്പോള്‍ ഇതുവരെ 10 കെയില്‍ കൂടുതല്‍ ലൈക്കുകള്‍ ഹഫ്സമോള്‍ എന്ന ഐഡിയില്‍ നിന്നിട്ട കമന്‍റ് വാരിക്കൂട്ടി.

കമന്‍റ്

‘അവരൊക്കെ സ്വന്തം എഴുതിയുണ്ടാക്കുന്നതല്ലേ..
അപ്പോൾ ചില അബദ്ധങ്ങൾ സംഭവിച്ചിരിക്കാം..
വിട്ടേക്ക്..
പിന്നെ, കേരളത്തിലെ 20 സീറ്റുകളിൽ മത്സരിക്കുന്ന കൊലക്കേസ് പ്രതി, കോമാളി, ഭൂമാഫിയക്കരൻ, പെരുംകള്ളൻ ഒക്കെ ഉണ്ടായിട്ടും ടീച്ചർ വിമർശിക്കാൻ കണ്ടെത്തിയ സ്ഥാനാർഥി കൊള്ളാം..
മനസ്സ് ഒന്ന്ഒന്ന് ചുരണ്ടിനോക്ക് ടീച്ചറെ,
ഒരു സവർണ്ണ തമ്പുരാട്ടിയുടെ അയിത്തം വമിക്കുന്നത് കാണാം’

വിമര്‍ശന കമന്‍റുകള്‍ക്ക് ദീപ നിശാന്തിന്റെ മറുപടി

ഞാൻ ആലത്തൂർ മണ്ഡലത്തിലെ ഒരു വോട്ടറാണ്.
രണ്ടേ രണ്ടു വിഷയങ്ങളേ ഞാനീ പോസ്റ്റിൽ ചോദിച്ചിട്ടുള്ളൂ.
ഒന്ന്.: കേരളത്തിൽ നിന്നുള്ള ആദ്യ ദളിത് വനിതാ എം പി ആരാണ്?
രണ്ട്: സ്ഥാനാർത്ഥിക്കു വേണ്ടി വോട്ടഭ്യർത്ഥന നടത്തുമ്പോൾ മാളികപ്പുറത്തമ്മയാകാനുള്ള കാത്തിരിപ്പിന് എന്താണ് പ്രസക്തി?
അതിനുള്ള മറുപടി മതി.
ബാക്കിയുള്ള മറുപടികൾ ആ ചാരായയുക്തിയായി കരുതി ഞാനങ്ങ് അവഗണിച്ചോളാം.
NB : അവരെ അവഹേളിക്കുന്ന കമന്റുകൾ ഇവിടാരും ഇടേണ്ടതില്ല.

അതേസമയം തന്നെ കോണ്‍ഗ്രസ് നേതാക്കളും ദീപ നിശാന്തിന്‍റെ കുറിപ്പിനെതിരെ രംഗത്തെത്തി. അനില്‍ അക്കരെയാണ് ഫേസ്ബുക്കില്‍ അവര്‍ക്കെതിരെ കുറിപ്പ് എഴുതിയത്.