പോളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കേസിൽ പ്രതി അറസ്റ്റിൽ

0

പോളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. തട്ടിപ്പിന് ഇരയായ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കൊല്ലം ചാത്തന്നൂർ മാടൻനട സ്വദേശി സനൽ വിദേശത്തുള്ള സഹോദരിയെന്ന് പരിചയപ്പെടുത്തിയ സ്ത്രീ വഴിയാണ് തട്ടിപ്പ് നടത്തിയത്.

ദുബായിൽ റിക്രൂട്ട് ഏജൻസി നടത്തുന്നതാണെന്നും ഹോട്ടൽ മാനേജ്മെന്റ് ജോലിക്ക് വിസ നൽകാം എന്നുമായിരുന്നു വാഗ്ദാനം. പന്മന വടുതല സ്വദേശി മഞ്ജു , ഇടുക്കി രാജക്കാട് കുത്തുമക്കൽ സ്വദേശി ജിപ്സൻ ജോസ് എന്നിവരുടെ പക്കൽ നിന്ന് 2020 നവംബറിൽ 1,70,000 രൂപ വാങ്ങി.

വിദേശത്തെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയായിരുന്നു. വിസ ലഭിക്കാതെ വന്നതോടെ പണം തിരികെ ചോദിച്ചു. തുടർന്നാണ് തട്ടിപ്പ് മനസ്സിലായത്. വിദേശത്തുള്ള സഹോദരി എന്ന് പരിചയപ്പെടുത്തിയ സ്ത്രീക്ക് എതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് തട്ടിപ്പിന് ഇരയായവർ. തട്ടിപ്പിൽ കൂടുതൽ ആളുകൾക്ക് പണം നഷ്ടമായിട്ടുണ്ട് എന്നാണ് വിവരം.