കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ മരിച്ച രോഗിക്ക് വെന്റിലേറ്റര്‍ ഘടിപ്പിച്ചിരുന്നില്ല: ഡോക്ടര്‍ നജ്മ

0

കൊച്ചി: കോവിഡ് ബാധിതനായി കളമശേരി മെഡിക്കൽ കോളജിൽ‌ കഴിഞ്ഞ ഹാരിസ് ഓക്സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മെഡിക്കൽ കോളജിലെ ഡോക്ടർ നജ്മ. മുഖത്ത് മാസ്ക്കുണ്ടെങ്കിലും വെന്റിലേറ്ററിൽ ഘടിപ്പിച്ചിരുന്നില്ലെന്നും ഡോക്ടര്‍ നജ്മ പറഞ്ഞു.

ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും ഡോക്ടര്‍ നജ്മ പറയുന്നു. മുതിര്‍ന്ന ഡോക്ടര്‍മാരോട് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പ്രശ്‌നമാക്കേണ്ട എന്നാണ് അദ്ദേഹത്തിന് ലഭിച്ച മറുപടിയെന്നും നജ്മ.

ട്യൂബിങ് ശരിയാകാത്തതുമൂലമാണ് രോഗി മരിച്ചതെന്ന വിവരം പുറത്തുപറഞ്ഞ നഴ്സിങ് ഓഫിസർ ജലജാദേവിക്കെതിരായ അച്ചക്കടനടപടി ശരിയല്ലെന്നും അവർ പറഞ്ഞു. വീഴ്ച അറിഞ്ഞിട്ടും റിപ്പോർട്ട് ചെയ്യാത്തതിൽ ഡോക്ടർമാരും കുറ്റക്കാരെന്നും തെറ്റ് ചെയ്തവർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും അവർ വ്യക്തമാക്കി. ഇതു പറഞ്ഞതിന് തനിക്കെതിരെയും നടപടി വന്നേക്കാമെന്നും നജ്മ കൂട്ടിച്ചേർത്തു.

വോയിസ് ക്ലിപ്പ് സത്യമാണ്. സമാനമായ സാഹചര്യം തന്റെ ഡ്യൂട്ടി ടൈമിലും ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങള്‍ രേഖാമൂലം പരാതിപ്പെട്ടിട്ടില്ലെന്നും എന്നാല്‍ വാക്കാല്‍ പരാതി നല്‍കിയിരുന്നുവെന്നും ഡോക്ടര്‍ നജ്മ. ഇതിനുശേഷം പരാതികള്‍ പരിഹരിക്കപ്പെട്ടിരുന്നുവെന്നും നജ്മ പറയുന്നു. ഹാരിസിന്റെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് നല്‍കിയ വിശദീകരണം ശരിയല്ലെന്നും നജ്മ പറയുന്നു.