97 ന്റെ നിറവിൽ വി എസ്…

0

വി എസ് അച്യുതാനന്ദന് ഇന്ന് 97ാം പിറന്നാൾ. പിറന്നാളാഘോഷം പതിവുപോലെ കുടുംബാംഗങ്ങളിൽ മാത്രമായി ഒതുങ്ങും. ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിൽ രാവിലെ കേക്ക് മുറിക്കും. ഭാര്യ വസുമതിയും മക്കളും മരുമക്കളും ചെറുമക്കളും ആശംസകൾ നേരും. ഉച്ചയ്ക്ക് പായസ സദ്യയും. സാധാരണ, ജന്മദിനാശംസ നേരാൻ വലിയൊരു നിരയാണ് എത്താറുള്ളത് എന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അതിഥികളെയും ഉറ്റവരെയും ഒഴിവാക്കി ആഘോഷങ്ങളില്ലാത്ത പിറന്നാൾ ദിനമാണ് ഇക്കുറി വി എസിന്.

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നൂറിന്റെ നിറവിൽ നിൽകുമ്പോൾ തന്നെയാണ് രാജ്യത്തെ ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റിന് 97 വയസ്സാകുന്നത്. ശാരീരിക അവശതകൾ നിമിത്തം പൊതുവേദികളിൽ നിന്ന് വി.എസ് പിൻമാറിയിട്ട് ഒരു വർഷമായെങ്കിലും.എന്നും ജനമനസുകൾക്കിടയിൽ നിറസാന്നിധ്യം തന്നെയാണ് വി.എസ്. നൂറിലെത്തിയ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയോളം പഴക്കവും തിളക്കവുമുള്ള നേതാവ്. പ്രസംഗങ്ങളും, പ്രചാരണങ്ങളുമില്ലെങ്കിലും എഴുതി തയ്യാറാക്കിയ പ്രസ്താവനകളിലൂടെ വിഎസ് ഇന്നും ലോകത്തോട് നിലപാട് പറയുന്നു. എങ്കിലും വി എസിന്റെ പൊതുവേദികളിലെ അസാന്നിദ്ധ്യം നമുക്കിടയിൽ വലിയ ശൂന്യതതന്നെ സൃഷ്ടിക്കുന്നുണ്ട്.

വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന ‘വിഎസ്’ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച നേതാവാണ്. കേരളത്തിലെ കര്‍ഷക തൊഴിലാളി സമരങ്ങള്‍ പിറവിയെടുത്ത ആലപ്പുഴയുടെ പുന്നപ്രയില്‍ വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923ല്‍ ഒക്‌ടോബര്‍ 20ന് ജനിച്ചു. നാല് വയസുളളപ്പോള്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അച്ഛന്റെ സഹോദരിയാണ് വിഎസിനെ വളര്‍ത്തിയത്. പതിനൊന്നാം വയസില്‍ അച്ഛനും നഷ്ടപ്പെട്ടതോടെ ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തി ജോലിക്കിറങ്ങി.

ജ്യേഷ്ഠന്റെ സഹായിയായി ജൗളിക്കടയില്‍ കുറേക്കാലം ജോലി ചെയ്തു. തുടര്‍ന്ന് കയര്‍ ഫാക്ടറിയിലേക്ക്. ഇവിടെ നിന്നാണ് വിഎസിലെ നേതാവ് ജനിക്കുന്നത്. നിവര്‍ത്തന പ്രക്ഷോഭം കൊടുംപിരിക്കൊണ്ടിരുന്ന കാലത്ത് 1938ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായി. രണ്ട് വര്‍ഷത്തിന് ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുത്ത വിഎസ് പൂര്‍ണമായും പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങി.

1946ലെ പുന്നപ്ര-വയലാര്‍ സമരത്തിന് നേതൃത്വം നല്‍കിയത് വിഎസ് ആയിരുന്നു. പുന്നപ്ര വെടിവയ്പിന് ശേഷം പൂഞ്ഞാറില്‍ നിന്ന് വിഎസ് പൊലീസ് പിടിയിലായി. ക്രൂരമായ മര്‍ദ്ദനമാണ് ജയിലില്‍ വിഎസിന് നേരെ പൊലീസ് അഴിച്ചുവിട്ടത്. ജയിലഴിക്കുളളില്‍ കാലുകള്‍ പുറത്തേക്ക് വലിച്ച് ലാത്തികൊണ്ട് കെട്ടി തല്ലി ചതച്ചു. ബോധം നശിച്ച വിഎസിന്റെ കാലില്‍ തോക്കിന്റെ ബോണറ്റ് കുത്തിയിറക്കി. പാദം തുളച്ച് കയറി മറുവശത്ത് എത്തിയ പാടുകള്‍ ഇന്നും ആ കാലുകളിലുണ്ട്. തുടര്‍ന്ന് പനി പിടിച്ച് പൂര്‍ണമായും ബോധം നശിച്ച വിഎസ് മരിച്ചുവെന്ന് കരുതി പൊലീസ് ഉപേക്ഷിക്കുകയായിരുന്നു. അന്ന് ജീവന്‍ രക്ഷിച്ചത് പൊലീസ് പിടിയിലായ ഒരു കളളനാണെന്ന് പലതവണ അദ്ദേഹം ഓര്‍മിച്ചിട്ടുണ്ട്

2001ൽ പ്രതിപക്ഷ നേതാവായത് മുതലാണ് വിഎസിന്‍റെ പിറന്നാളും പൊതുകാര്യമാകുന്നത്. എന്നാൽ ഇത്തവണ ഡോക്ടർമാരുടെ നിർദ്ദേശവും കൊവിഡ് മാനദണ്ഡങ്ങളും കണക്കിലെടുത്താണ് കുടുംബാംഗങ്ങൾ അതിഥികളെ ഒഴിവാക്കുന്നത്.