ട്രംപ് ഇന്ന് തങ്ങുന്ന ഡല്‍ഹിയിലെ ഹോട്ടലിന് ഒരു രാത്രിക്ക് എട്ട് ലക്ഷം രൂപ

0

ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തിയ അമേരിക്കന്‍ പ്രസിഡന്‍റ് താമസിക്കുന്ന ഹോട്ടലിലെ ചിലവ് 8 ലക്ഷം രൂപ. ഐ.ടി.സി. മൗര്യ ഹോട്ടലിലാണ് ട്രംപും മെലാനിയയും ഇന്ന് തങ്ങുന്നത്. ആഗ്രയില്‍ താജ്മഹല്‍ സന്ദര്‍ശനത്തിന് ശേഷം വൈകീട്ടോടെയാണ് ട്രംപും ഭാര്യ മിലാനിയയും ഡല്‍ഹിയിലെത്തുക. നേരത്തെ മുന്‍ യു.എസ്. പ്രസിഡന്റ് ബരാക്‌ ഒബാമ വന്നപ്പോഴും ഇവിടെയായിരുന്നു താമസം. ട്രംപിനെ താമസിപ്പിക്കുന്നതിനായി ഒരു രാത്രിക്ക് എട്ട് ലക്ഷം രൂപയാണ് ചിലവ്.

ട്രംപിനായി അത്യാഡംബര സൗകര്യങ്ങളെല്ലാം ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ ഐ.ടി.സി. മൗര്യയില്‍ ഒരുക്കും. ഭക്ഷണ പരിശോധനാ ലബോറട്ടറി, അതീവസുരക്ഷാ സംവിധാനങ്ങങ്ങള്‍, ആഡംബര സൗകര്യങ്ങള്‍, സ്പാ എന്നിവയെല്ലാം അവിടുണ്ടാകും.

വായുനിലവാരം ഓരോ സമയത്തും പരിശോധിച്ച്‌ മെച്ചപ്പെടുത്താനുള്ള സംവിധാനവും ഹോട്ടലിലുണ്ട്. ട്രംപിനെയും ഭാര്യ മെലാനിയയേയും പാരമ്പരാഗത രീതിയില്‍ പൊട്ടുതൊട്ടും മാലചാര്‍ത്തിയുമാണ് ഹോട്ടലില്‍ സ്വീകരിക്കുക. തിങ്കളാഴ്ച രാത്രിയാണ് പഞ്ചനക്ഷത്ര ഹോട്ടലായ ഐ.ടി.സി. മൗര്യയില്‍ ഇവരെത്തുക. ഹോട്ടല്‍ മുഴുവനും കൂപ്പുകൈ ചിഹ്നത്തോടെ നമസ്‌തേ എന്ന പ്രമേയത്തില്‍ ഒരുക്കിയിയിട്ടുണ്ട്. നമസ്‌തേ ട്രംപ് എന്ന ബ്രാന്‍ഡിലാണ് ട്രംപിന് ഇന്ത്യയില്‍ വരവേല്‍പ്പ് എന്നതിനാലാണത്.

ത്രിതല സുരക്ഷാ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ട്രംപ് ഹോട്ടലിലുള്ള ദിവസം മറ്റ് അതിഥികള്‍ക്ക് അവിടെ തങ്ങാനാവില്ല. പഞ്ചനക്ഷത്ര ഹോട്ടലിന്റെ 438 മുറികളും ട്രംപിനും സംഘത്തിനുമായി ബുക്ക് ചെയ്തിരിക്കുകയാണ്. ഹോട്ടലിലെ ഓരോ നിലയിലും പോലീസുകാര്‍ സാധാരണ വേഷത്തില്‍ പട്രോളിങ് നടത്തും. യു.എസിന്റെ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥരുമായി സഹചരിച്ചാണ് ഡല്‍ഹി പോലീസിന്റെ സുരക്ഷാവിഭാഗം പ്രവര്‍ത്തിക്കുക.