ലോകത്തെ ‘മോസ്റ്റ് പോപ്പുലർ’ സിനിമയിൽ പത്താമത് ദൃശ്യം 2

0

പ്രമുഖ സിനിമാ വെബ്സൈറ്റായ ഐഎംഡിബിയിൽ ലോകത്തിലെ തന്നെ ‘മോസ്റ്റ് പോപ്പുലർ’ സിനിമകളുടെ പട്ടികയിൽ ഇടംനേടി ജീത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം 2’. ലോകസിനിമകളുടെ പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാബേസ് ആയ ഐഎംഡിബിയുടെ ‘മോസ്റ്റ് പോപ്പുലര്‍’ ലിസ്റ്റിലാണ് ചിത്രം ഇടംപിടിച്ചിരിക്കുന്നത്. നൂറ് സിനിമകളുളള പട്ടികയിൽ പത്താം സ്ഥാനത്താണ് ദൃശ്യം 2. ഈ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ സിനിമയാണ് ദൃശ്യം 2.

ആദ്യ ഒന്‍പത് സ്ഥാനങ്ങളിലും ഹോളിവുഡ് ചിത്രങ്ങളാണ്. റിലീസ് ചെയ്യപ്പെട്ടതും റിലീസിന് ഒരുങ്ങിയതുമായ ചിത്രങ്ങള്‍ മോസ്റ്റ് പോപ്പുലര്‍ ലിസ്റ്റില്‍ ഉണ്ട്. ഹോളിവുഡ് ചിത്രങ്ങളായ ഐ കെയര്‍ എ ലോട്ട്, മോര്‍ട്ടല്‍ കോംബാറ്റ്, നൊമാഡ്‍ലാന്‍ഡ്, ആര്‍മി ഓഫ് ദി ഡെഡ്, ടോം ആന്‍ഡ് ജെറി, സാക്ക് സ്നൈഡേഴ്സ് ജസ്റ്റിസ് ലീഗ്, മോണ്‍സ്റ്റര്‍ ഹണ്ടര്‍, യൂദാസ് ആന്‍ര് ദി ബ്ലാക്ക് മിശിഹ, ദി ലിറ്റില്‍ തിംഗ്‍സ് എന്നീ ചിത്രങ്ങളാണ് ആദ്യ ഒന്‍പത് സ്ഥാനങ്ങളില്‍. എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെട്ട ചിത്രങ്ങളില്‍ ആദ്യ 50 സ്ഥാനങ്ങളില്‍ത്തന്നെ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ചിരിക്കുന്നത് ദൃശ്യം 2ന് ആണ്. 8.8 ആണ് ദൃശ്യത്തിന് ലഭിച്ചിരിക്കുന്ന റേറ്റിംഗ്. 18,000ല്‍ അധികം പേര്‍ രേഖപ്പെടുത്തിയ റേറ്റിംഗിന്‍റെ ശരാശരിയാണ് ഈ കണക്ക്.

ഇതിൽ തന്നെ 11450 പേർ ചിത്രത്തിന് പത്തിൽ പത്തും നൽകി. ലോകത്തെ വിവിധ സ്ഥലങ്ങളിൽ നിന്നും ചിത്രത്തിനു ലഭിച്ച വോട്ടിങ് ആണ് റേറ്റിങ് കൂടാൻ കാരണമായത്. ഇതിന്റെ ഭാഗമായി ഐഎംഡിബി ടീം മോഹൻലാലുമായി പ്രത്യേക അഭിമുഖം നടത്തിയിരുന്നു. ഇതുകൂടാതെ ടോപ്പ് റേറ്റഡ് ഇന്ത്യൻ സിനിമകളുടെ പട്ടികയില്‍ രണ്ടാമതാണ് ഇപ്പോൾ ദൃശ്യം 2. പതേർ പാഞ്ചാലിയാണ് 8.5 റേറ്റിങോടെ മുന്നിൽ.

ഫെബ്രുവരി 19ന് ഡയറക്ട് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യപ്പെട്ട ദൃശ്യം 2 സമീപകാല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഒടിടി ഹിറ്റ് ആണ്. ‘ദൃശ്യം’ പല ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നതിനാല്‍ ആ പ്രേക്ഷകരൊക്കെയും സീക്വല്‍ കണ്ടു എന്നതാണ് ഈ വലുപ്പത്തിലുള്ള ഉള്ള ഒരു വിജയം ചിത്രത്തിന് സാധ്യമാക്കിയത്.