കാളയോടൊപ്പം കുളത്തിൽ ടിക് ടോക് വീഡിയോ ഷൂട്ട്; യുവാവ് മുങ്ങി മരിച്ചു

0

മറയൂർ: ജല്ലിക്കെട്ടിനും കാളയോട്ടത്തിനും ഉപയോഗിക്കുന്ന കാളയ്ക്കൊപ്പം കുളത്തിൽ ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്ത യുവാവ് മുങ്ങി മരിച്ചു. ഉദുമലപേട്ടക്ക് സമീപം കരിമത്തർപെട്ടി രായർ പാളയം പളനിസ്വാമിയുടെ മകൻ വിഘ്‌നേശ്വരനാണ് (22) മരിച്ചത്.

തമിഴ്‌നാട്ടിലെ ഉത്സവങ്ങളോടനുബന്ധിച്ചുള്ള റേക്ലേക്കായി (കാളവണ്ടിയോട്ട മത്സരം) കാളകളെ പരിശീലിപ്പിക്കുന്നയാളാണ് വിഘ്‌നേശരൻ. ഇന്നലെ സുഹൃത്തുക്കളായ പരമേശ്വരൻ, ഭുവനേശ്വരൻ എന്നിവർക്കൊപ്പം വീടിന് സമീപത്തുള്ള ആഴമുള്ള കുളത്തിൽ ടിക്ടോക് വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു.ചിത്രീകരണത്തിനിടെ കാള വിരണ്ട് കുളത്തിന്റെ ആഴമുള്ള ഭാഗത്തേക്ക് നീന്തി.

കാളയുടെ കഴുത്തിൽ പിടിച്ചിരുന്ന വിഘ്‌നേശ്വരനും വെള്ളത്തിലേക്ക് വീണു. ഒപ്പം വീണ പരമേശ്വരൻ വിരണ്ട കാളയുടെ മുന്നിൽ നിന്നും കരയിലേക്ക് കയറി. നീന്തൽ വശമില്ലാതിരുന്ന വിഘ്‌നേശ്വരനെ രക്ഷിക്കാൻ കൂട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഫയർ ഫോഴ്‌സും പൊലീസുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.