കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്റ് സികെ ജിൽസിനെയും ഇഡി അറസ്റ്റ് ചെയ്തു

0

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ ബാങ്ക് അക്കൗണ്ടന്റ് സികെ ജിൽസിനെയും ഇഡി സംഘം അറസ്റ്റ് ചെയ്തു. സിപിഎം നേതാവ് വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ അരവിന്ദാക്ഷന്റെ അറസ്റ്റിന് പിന്നാലെയാണ് ജിൽസിനെയും അറസ്റ്റ് ചെയ്തത്. അരവിന്ദാക്ഷനും ജിൽസിനുമെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഇഡി പറയുന്നു. കരുവന്നൂർ ബാങ്കിലെ ബെനാമി ലോൺ ഇടപാട് അരവിന്ദാക്ഷൻ അറിഞ്ഞുകൊണ്ടായിരുന്നുവെന്നും അരവിന്ദാക്ഷനും കരുവന്നൂർ ബാങ്കിൽ നിന്ന് വായ്പയെടുത്തുവെന്നും ഇഡി പറയുന്നു.

കരുവന്നൂർ ഏറെ നാളായി സിപിഎമ്മിന് കുരുക്കായി തുടരുന്നതിന് ഇടയിലാണ് ഇന്നത്തെ അറസ്റ്റ്. പിആർ അരവിന്ദാക്ഷൻ അറസ്റ്റിലായതോടെ സിപിഎം സമ്മർദ്ദത്തിലാണ്. എസി മൊയ്തീനുമായി അടുത്ത ബന്ധമുള്ള നേതാവാണ് അരവിന്ദാക്ഷൻ. ഇതൊരു തുടക്കം മാത്രമാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. കൂടുതൽ നേതാക്കൾക്കായി അന്വേഷണ ഏജൻസി വല മുറുക്കും എന്നറിഞ്ഞ് തന്നെയാണ് പരസ്യമായി അരവിന്ദാക്ഷനെ സിപിഎം പിന്തുണക്കുന്നത്.

രണ്ട് തരത്തിലുള്ള പ്രതിരോധത്തിനാണ് സിപിഎം ശ്രമിക്കുന്നത്. സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര നീക്കത്തിൻറെ ഭാഗമാണ് ഇഡി അറസ്റ്റെന്ന രാഷ്ട്രീയ പ്രചാരണം ശക്തമാക്കും. ഒപ്പം നിയമപരമായ സംരക്ഷണം അരവിന്ദാക്ഷന് പാർട്ടി നൽകും. എസി മൊയ്തീന് ഇനി ഇഡി നോട്ടീസ് ലഭിച്ചാൽ നിയമ വഴി തേടാതെ കേന്ദ്ര ഏജൻസിക്ക് മുന്നിലേക്ക് പോയാൽ അറസ്റ്റിലേക്ക് പോകുമെന്ന് പാർട്ടി കരുതുന്നു. അതിനാൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കാനും സാധ്യതയേറെയുണ്ട്.

ഇഡി അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പറയുമ്പോഴും പണം കിട്ടാതെ ആയിരങ്ങൾ ഇപ്പോഴും പെരുവഴിയിലുള്ളത് സിപിഎമ്മിന് വലിയ പ്രതിസന്ധിയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക് ഇറങ്ങാനൊരുങ്ങുമ്പോഴാണ് പാർട്ടി കരുവന്നൂരിൽ സംശയത്തിൻറെ നിഴലിലാകുന്നത്. സിപിഐ എക്സിക്യുട്ടീവിലടക്കം ഉയർന്ന വിമർശനങ്ങളും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.