ഇലക്‌ട്രിക് വാഹന വിപണിയില്‍ കുതിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍

0

ഇലക്‌ട്രിക് വാഹന വിപണിയുടെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് ഈ മേഖലയില്‍ ചുവടുറപ്പിക്കുകയാണ് ഇന്ത്യന്‍ കമ്പനികള്‍. പരിസ്ഥി സൗഹാര്‍ദ ഗതാഗത സൗകര്യങ്ങള്‍ക്ക് മുഗണന നല്‍കി കൊണ്ട് വാഹന വിപണിയില്‍ സ്വന്തമായ ഇടം സൃഷ്ടിക്കാനാണ് ഒല ഇലക്‌ട്രിക്, ഏതര്‍ എനര്‍ജി, ബ്ലൂ സ്മാര്‍ട്ട് എന്നീ കമ്പനികള്‍ ശ്രമിക്കുന്നത്. ഇവി റീചാര്‍ജിങ് സ്റ്റേഷനുകളുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിച്ചുവരുന്നതിനാല്‍ ഇലക്‌ട്രിക് വാഹന വിപണി ഏറെ പ്രതീക്ഷയോടെയാണ് മുന്നോട്ടുപോകുന്നത്.

1. ഒല ഇലക്‌ട്രിക്

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ റൈഡ് ഷെയറിങ് കമ്പനിയായ ഒലയുടെ ഒരു ഉപസ്ഥാപനമാണ് ഒല ഇലക്‌ട്രിക്. സാമ്പത്തിക സേവനങ്ങളും ക്ലൗഡ് കിച്ചണുകളും ഉള്‍പ്പെടെയുള്ള മറ്റ് ബിസിനസ് മേഖലകളിലും ഒല ക്യാബ്സ് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ സോഫ്റ്റ്ബാങ്ക് ഉള്‍പ്പെടെയുള്ള വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍ കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

ഇലക്‌ട്രിക് വാഹനങ്ങള്‍, ഇവി ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ബാറ്ററി സ്വാപ്പിങ് ടെക്നോളജി എന്നിവയുള്‍പ്പെടെ ഇലക്‌ട്രിക് മൊബിലിറ്റി സൊല്യൂഷനുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒല ഇലക്‌ട്രിക് ഇന്ത്യയിലെ ഇലക്‌ട്രിക് വാഹനങ്ങളുടെ ഉപയോഗം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. 2023 സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഏകദേശം 5.4 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്‌ട്രിക് ഇരുചക്ര വാഹന നിർമാതാക്കളാണ് ഒല ഇലക്‌ട്രിക്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ കമ്പനിക് ഇവി ടു വീലര്‍ മാനുഫാക്ച്ചറിങ് ഫാക്റ്ററിയുണ്ട്. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന ഇവി നിർമാണ കേന്ദ്രമാണ്.

ഒല എസ് വണ്‍ എന്ന പേരില്‍ ഒല എസ് വണ്‍ എയര്‍, ഒല എസ് വണ്‍ എക്സ്, ഒല എസ് വണ്‍ പ്രോ എന്നീ മൂന്ന് വ്യത്യസ്ത മോഡലുകളില്‍ ഒല ഇലക്‌ട്രിക് ഇവി സ്കൂട്ടറുകള്‍ വിൽപ്പന നടത്തുന്നു. തങ്ങളുടെ ആദ്യ ഇലക്‌ട്രിക് മോട്ടോര്‍സൈക്കിള്‍ മോഡലുകള്‍ പുറത്തിറക്കിയതിന് ശേഷം, 2024ല്‍ കൂടുതല്‍ ഉയര്‍ന്ന റേഞ്ചിലുള്ള പ്രീമിയം ഇലക്‌ട്രിക് മോട്ടോര്‍സൈക്കിള്‍ മോഡലുകള്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. കൂടാതെ 2024 അവസാനത്തോടെ തങ്ങളുടെ ആദ്യത്തെ ഇലക്‌ട്രിക് കാര്‍ അവതരിപ്പിക്കാനും, രാജ്യത്തെ ചാര്‍ജിങ് സൗകര്യങ്ങള്‍ വിപുലീകരിക്കാനുമുള്ള പദ്ധതികളും ഒല ലക്ഷ്യമിടുന്നുണ്ട്.

2. ഏഥര്‍ എനര്‍ജി

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ പുതിയ തരംഗം സൃഷ്ടിക്കുന്ന ഇലക്‌ട്രിക് വാഹന നിർമാതാക്കളാണ് ഏഥര്‍ എനര്‍ജി. 2013ല്‍ ബംഗളൂരുവില്‍ തരുണ്‍ മെഹ്ത, സ്വാപ്നില്‍ ജെയിന്‍ എന്നിവര്‍ ചേര്‍ന്നാണ് കമ്പനി സ്ഥാപിച്ചത്. ഇലക്‌ട്രിക് സ്കൂട്ടറുകളുടെ നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കമ്പനി ഏഥര്‍ 450 ആപെക്സ്, 450 എസ്, 450X, 450X പ്രോ, 450 റിസ്റ്റ എന്നിങ്ങനെ നിരവധി മോഡലുകള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. ബംഗളൂരുവിലെ വൈറ്റ്ഫീല്‍ഡിലും തമിഴ്നാട്ടിലെ ഹോസൂരിലും ഇവര്‍ക്ക് നിർമാണ കേന്ദ്രങ്ങളുണ്ട്. സ്വന്തം ചാര്‍ജിങ് നെറ്റ്‌വര്‍ക്കായ ഏഥര്‍ ഗ്രിഡ് വഴി ചാര്‍ജിങ് സൗകര്യവും ഏഥര്‍ എനര്‍ജി ഉറപ്പാക്കുന്നു.

ടച്ച്സ്ക്രീന്‍ ഡിസ്പ്ലേകള്‍, കണക്റ്റഡ് ടെക്നോളജി, ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം എന്നിവ പോലുള്ള അത്യാധുനിക സവിശേഷതകളുള്ള ഇലക്‌ട്രിക് സ്കൂട്ടറുകള്‍ ഡിസൈന്‍ ചെയ്ത് നിർമിക്കുന്ന കമ്പനി ഇലക്‌ട്രിക് വാഹന മേഖലയില്‍ മുന്നില്‍നില്‍ക്കുന്നു. ഇവി സ്കൂട്ടറുകളിലൂടെ നഗര ഗതാഗത രംഗം പുനര്‍നിര്‍വചിക്കുകയാണ് ഏഥര്‍ എനര്‍ജി ലക്ഷ്യമിടുന്നത്.

3. ബ്ലൂ സ്മാര്‍ട്ട്

ഇലക്‌ട്രിക് വാഹനങ്ങളുടെ ഒരു വന്‍ നിരയുമായി റൈഡ്-ഷെയറിങ് സേവനങ്ങള്‍ നല്‍കുന്ന ഒരു ഇന്ത്യന്‍ കമ്പനിയാണ് ബ്ലൂ സ്മാര്‍ട്ട്. ഇതില്‍ ഇലക്‌ട്രിക് കാറുകളും ഇലക്‌ട്രിക് സ്കൂട്ടറുകളും ഉള്‍പ്പെടുന്നു. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലൂ സ്മാര്‍ട്ട് 2019ല്‍ അന്‍മോല്‍ സിങ് ജഗ്ഗി, പുനിത് കെ. ഗോയല്‍, പുനീത് സിങ് ജഗ്ഗി എന്നിവര്‍ ചേര്‍ന്നാണ് സ്ഥാപിച്ചത്.

ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് യാത്രകള്‍ ബുക്ക് ചെയ്യാനും തെരഞ്ഞെടുത്ത നഗരങ്ങളില്‍ പരിസ്ഥിതി സൗഹൃദ ഗതാഗത ഓപ്ഷനുകള്‍ ആസ്വദിക്കാനും സാധിക്കും. ഇന്ത്യയിലെ ആദ്യത്തെ ഓള്‍-ഇലക്‌ട്രിക് ഷെയര്‍ സ്മാര്‍ട്ട് മൊബിലിറ്റി പ്ലാറ്റ്ഫോമാണ് ഇത്. ഒരു അസറ്റ്-ലൈറ്റ് ബിസിനസ് മോഡലില്‍ പ്രവര്‍ത്തിക്കുന്ന ബ്ലൂസ്മാര്‍ട്ട്, ഇഇഎസ്എൽ പോലുള്ള കമ്പനികളില്‍ നിന്ന് പ്രതിമാസ പാട്ടത്തിനാണ് കാറുകള്‍ ലഭ്യമാക്കുന്നത്.

ന്യൂഡല്‍ഹി എന്‍സിആറില്‍ 1.8 ദശലക്ഷത്തിലധികം റൈഡുകളില്‍ 4300 ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് ഉദ്വമനം കുറച്ചതായി കമ്പനി പ്രഖ്യാപിച്ചു. 2021ലെ ലോക ഇവി ദിനത്തില്‍, ഇന്ത്യയിലുടനീളം ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സജ്ജീകരിക്കുന്നതിനായി ബ്ലൂസ്മാര്‍ട്ട് ജിയോ-ബിപിയുമായി ബ്ലൂ സ്മാര്‍ട്ണ് പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ന്യൂഡല്‍ഹി എന്‍സിആര്‍, ബംഗളൂരു എന്നീ ഭാഗങ്ങളിലാണ് ബ്ലൂസ്മാര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. മൊബിലിറ്റി മേഖലയില്‍ ഡീകാര്‍ബണൈസേഷന്‍ സ്കെയില്‍ ചെയ്യുന്നതില്‍ ബ്ലൂസ്മാര്‍ട്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.