ഐഎസ്എൽ ഫൈനൽ മെയ് നാലിന്

0

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ ഫൈനല്‍ മേയ് നാലിന്. ഐഎസ്എല്‍ പ്ലേ ഓഫ് മത്സര ക്രമം ഇന്നലെ പുറത്തിറക്കി. നോക്കൗട്ട് പോരാട്ടങ്ങള്‍ ഈ മാസം 19നും 20നും നടക്കും. സെമി ഫൈനല്‍ ഒന്നാം പാദം 23, 24 തീയതികളില്‍. രണ്ടാം പാദം 28, 29 തീയതികളില്‍. പ്ലേ ഓഫ് പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികള്‍ ചെന്നൈയിന്‍ എഫ്സിയാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ പരാജയപ്പെട്ടതോടെ ബ്ലാസ്റ്റേഴ്സിന് എതിരാളികളായി ചെന്നൈയിനെ ലഭിക്കുകയായിരുന്നു.

ലീഗ് പോയിന്‍റ് പട്ടികയിലെ ഏറ്റവും മികച്ച രണ്ട് ടീമുകള്‍ നേരിട്ട് സെമിയിലേക്ക് യോഗ്യത സ്വന്തമാക്കും. ശേഷിക്കുന്ന രണ്ട് സ്ഥാനത്തേക്ക് നാല് ടീമുകള്‍ തമ്മിലാണ് മത്സരം. ഈ ടീമുകളുടെ ഒറ്റ പാദത്തിലുള്ള നോക്കൗട്ട് പോരാട്ടമാണ് ഈ മാസം 19, 20 തീയതികളില്‍. ഈ മത്സരത്തിലെ വിജയികളായ രണ്ട് ടീമുകളാണ് സെമിയിലെ ശേഷിക്കുന്ന സ്ഥാനത്ത് എത്തുക.

നിലവില്‍ മുംബൈ സിറ്റി ഒന്നാം സ്ഥാനത്തും മോഹന്‍ ബഗാന്‍ രണ്ടാമതുമാണ്. ഈ രണ്ട് ടീമുകള്‍ക്കുമാണ് നിലവില്‍ നേരിട്ട് സെമി യോഗ്യതയ്ക്ക് സാധ്യത കൂടുതലുള്ളത്. എഫ്സി ഗോവ, ഒഡിഷ എഫ്സി, കേരള ബ്ലാസ്റ്റേഴ്സ്, ചെന്നൈയിന്‍ എഫ്സി ടീമുകളാണ് നോക്കൗട്ട് സാധ്യതയിലുള്ള നാല് ടീമുകള്‍.