കോവിഡ്-19: യൂറോകപ്പും കോപ്പ അമേരിക്കയും ഒരു വർഷത്തേക്ക് നീട്ടിവച്ചു

1

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക ഫുട്ബോളിലെ ഈ വർഷത്തെ 2 പ്രധാന ചാംപ്യൻഷിപ്പുകളായ യൂറോ കപ്പും കോപ്പ അമേരിക്കയും ഒരു വർഷത്തേക്ക് നീട്ടിവച്ചു. യൂറോ നീട്ടിവയ്ക്കാൻ തീരുമാനമെടുത്തതായി യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫയുടെ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ അറിയിച്ചു. യുവേഫയും അംഗരാജ്യങ്ങളിലെ അസോസിയേഷനുകളും യൂറോപ്യൻ ക്ലബ് അസോസിയേഷൻ പ്രതിനിധികളുമെല്ലാം ചേർന്ന അടിയന്തിര യോഗത്തിലാണു തീരുമാനം.

അതേസമയം ജൂലായ് 24ന് ജപ്പാനിലെ ടോക്കിയോയിൽ തുടങ്ങേണ്ട ഒളിമ്പിക്സ് മാറ്റിവയ്ക്കുന്നതിനെപ്പറ്റി ഇപ്പോൾ തീരുമാനിക്കേണ്ടതില്ലെന്നും കായിക താരങ്ങളോട് പരിശീലനം തുടരാനും ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അറിയിച്ചു.

ഈ വർഷം ജൂൺ 12 മുതൽ ജൂലൈ 12 വരെ യൂറോപ്പിലെ 12 രാജ്യങ്ങളിലെ 12 വേദികളിലായി യൂറോ നടത്താനാണു നിശ്ചയിച്ചിരുന്നത്. ഇതേ സമയക്രത്തിൽ കൊളംബിയയിലും അർജന്റീനയിലുമായി നിശ്ചയിച്ചിരുന്ന കോപ്പ അമേരിക്ക ടൂർണമെന്റും മാറ്റിയതായി തെക്കേ അമേരിക്കൻ ഫുട്ബോൾ ഫെഡറേഷനായ കോംബോളും അറിയിച്ചു. യൂറോ കപ്പ് നീട്ടിവയ്ക്കാനുള്ള യുവേഫയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും കോംബോൾ പ്രസിഡന്റ് അലജാന്ദ്രോ ഡോമിൻഗ്വെസ് പറഞ്ഞു.

യൂറോ കപ്പ് 2021 ജൂൺ 11 – ജൂലൈ 11 കാലയളവിൽ നടത്താനാണു തീരുമാനം എന്നാണ് നോർവീജിയൻ ഫുട്ബോൾ അസോസിയേഷൻ ട്വീറ്റ് ചെയ്തത്. എന്നാൽ യുവേഫ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിട്ടില്ല. ഇതേ കാലയളവിൽ തന്നെയാകും കോപ്പ അമേരിക്ക ടൂർണമെന്റും നടക്കുക. ക്ലബ് ഫുട്ബോൾ സീസണിന്റെ അവധി യൂറോപ്യൻ, തെക്കേ അമേരിക്കൻ കളിക്കാർക്കെല്ലാം ഒരു പോലെയാകാനാണു 2 ടൂർണമെന്റും ഒരുമിച്ചു നടത്തുന്നത്.ടൂർണമെന്റ് നീട്ടിവയ്ക്കുമെന്നു നേരത്തേതന്നെ നോർവെ, സ്വീഡിഷ് ഫുട്ബോൾ ഫെഡറേഷനുകൾ ട്വീറ്റ് ചെയ്തിരുന്നു.

ചരിത്രത്തിലാദ്യമായി ഒന്നോ രണ്ടോ രാജ്യങ്ങൾക്ക് വേദി നൽകുന്നതിന് പകരമായി 12 രാജ്യങ്ങളിലെ 12 നഗരങ്ങളിലായി യൂറോകപ്പ് നടത്താനാണ് നിശ്ചയിച്ചിരുന്നത്.ആംസ്റ്റർ ഡാം, ബാക്കു, ബിൽബാവോ. ബുക്കാറസ്റ്റ്, ബുഡാപെസ്റ്റ്, കോപ്പൻ ഹേഗൻ, ഡബ്ളിൻ, ഗ്ളാസ്ഗോ , ലണ്ടൻ, മ്യൂണിക്, റോം, സെന്റ് പീറ്റേഴ്സ് ബർഗ് എന്നീ നഗരങ്ങളെയാണ് വേദിയായി നിശ്ചയിച്ചിരുന്നത്. 24 ടീമുകളാണ് യൂറോ കപ്പിന് യോഗ്യത നേടിയിരിക്കുന്നത്. എന്നാൽ ചൈനയ്ക്ക് ശേഷം യൂറോപ്പിനെയാകെ പകർച്ചവ്യാധി ബാധിച്ചതോടെ ഇൗ രീതിയിൽ നടത്തുന്നത് ആരോഗ്യ പ്രതിസന്ധിയുണ്ടാകുമെന്ന് ഉറപ്പായിരുന്നു. യൂറോപ്പിലെ പ്രധാന ഫുട്ബാൾ ലീഗുകളായ ഇംഗ്ളീഷ് പ്രിമിയർ ലീഗ്, ഇറ്റാലിയൻ സെരി എ, ജർമ്മൻ ബുണ്ടസ് ലിഗ, സ്പാനിഷ് ലാലിഗ എന്നിവയെല്ലാം നിറുത്തിവച്ചിരിക്കുകയാണ്. ഫിഫ ഇന്റർനാഷണൽ മത്സരങ്ങളും മാറ്റിക്കഴിഞ്ഞു.