‘കഴിഞ്ഞ ജന്മത്തില്‍ നിങ്ങള്‍ ആരായിരുന്നു?’, ‘നിങ്ങളുടെ മരണം എങ്ങനെയായിരിക്കും?’; ഫേസ്ബുക്കിലെ ഈ ആപ്ലിക്കേഷനില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്തിട്ടുണ്ടോ?

0

നൂറായിരം ആപ്പുകളുടെ ലോകമാണ് ഇന്ന് ഇന്റര്‍നെറ്റ്‌. അതില്‍ തന്നെ ഫെയ്‌സ്ബുക്കില്‍ ഇത്തരം ആയിരക്കണക്കിന് ആപ്ലിക്കേഷനുകളുണ്ട്. ‘കഴിഞ്ഞ ജന്മത്തില്‍ നിങ്ങള്‍ ആരായിരുന്നു?’, ‘നിങ്ങളുടെ മരണം എങ്ങനെയായിരിക്കും?’, ‘നിങ്ങളെ കൂടുതല്‍ സ്‌നേഹിക്കുന്നതാര്?’, തുടങ്ങിയ പലതരം ചോദ്യങ്ങള്‍ നമ്മുടെയെല്ലാം ഫെയ്‌സ്ബുക് ടൈംലൈനില്‍ ഇടയ്ക്കിടെ വരാറുണ്ടല്ലോ. ഇതൊന്നും ഫെയ്‌സ്ബുക് നേരിട്ട് ചോദിക്കുന്നതല്ല. ഫെയ്‌സ്ബുക്കിനെ വേദിയാക്കുന്ന സ്വതന്ത്ര ആപ്പുകളാണ് ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത്.

ഇത്തരം ചോദ്യങ്ങളുടെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് നമ്മള്‍ മേല്‍പ്പറഞ്ഞതു പോലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍, ഫെയ്‌സ്ബുക്കില്‍ നമ്മള്‍ കൊടുത്തിട്ടുള്ള വിവരങ്ങളെല്ലാം സ്ഥലം, പ്രായം, താല്‍പര്യം, ഫോണ്‍ നമ്പര്‍ തുടങ്ങി ആ ആപ്പിനും സ്വന്തമാക്കാനുള്ള വഴി തുറക്കുകയാണു ചെയ്യുന്നത്. അങ്ങനെ കിട്ടുന്ന വിവരങ്ങള്‍ (ഡേറ്റ) ആ ആപ്പിനു പിന്നിലുള്ളവര്‍ ആവശ്യക്കാര്‍ക്കു വില്‍ക്കുകയോ കൈമാറുകയോ ചെയ്യുന്നു.

‘ഞങ്ങള്‍ അറിഞ്ഞില്ല, അവര്‍ ഞങ്ങളെ കബളിപ്പിച്ചു, ഇനി എല്ലാ ആപ്പുകളും ?ഞങ്ങള്‍ പരിശോധിക്കും’ എന്നൊക്കെ പറഞ്ഞൊഴിയാനാണ് ഫെയ്‌സ്ബുക്കിന്റെ ശ്രമം. നമ്മള്‍ ഒരു ബാങ്കിന്റെ ലോക്കറില്‍ ആഭരണങ്ങള്‍ വയ്ക്കുന്നു. ഒരു കള്ളന്‍ കയറി അത് ലോക്കറില്‍നിന്നു മോഷ്ടിക്കുന്നു. അപ്പോള്‍, ഉത്തരവാദിത്തം ആര്‍ക്കാണ്? ബാങ്കിനോ കള്ളനോ? ഞങ്ങളറിഞ്ഞില്ല, കള്ളന്‍ ഞങ്ങളെ ചതിച്ചു എന്നു ബാങ്കിനു പറഞ്ഞൊഴിയാന്‍ പറ്റുമോ? അതുപോലെയാണ് ഫെയ്‌സ്ബുക്കിന്റെ കാര്യവും. നമ്മള്‍ ഫെയ്‌സ്ബുക്കില്‍ കൊടുത്ത വിവരങ്ങളാണ്. അത് മറ്റേതെങ്കിലും ആപ്ലിക്കേഷനുകള്‍ തട്ടിയെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഫെയ്‌സ്ബുക്കിന്റെയും ഉത്തരവാദിത്തമാണ്.

എന്തിനാണ് ആളുകള്‍ നമ്മുടെ വിവരങ്ങള്‍ കാശുകൊടുത്തു വാങ്ങുന്നത് എന്ന സംശയം സ്വാഭാവികം. മാര്‍ക്കറ്റിങ് രംഗത്ത് വലിയ വിലയാണ് വ്യക്തികളുടെ വിവരങ്ങള്‍ക്കുള്ളത്. നമ്മുടെ ഫെയ്‌സ്ബുക് പ്രൊഫൈലില്‍ നിന്ന്, നമ്മുടെ താല്‍പര്യങ്ങളും ഇഷ്ടങ്ങളും ഫ്രീയായി വായിച്ചെടുക്കാം. നിങ്ങള്‍ കാറുകളെക്കുറിച്ചു നിരന്തരം സെര്‍ച്ച് ചെയ്യുകയും കാറുകളുടെ ചിത്രങ്ങള്‍ പോസ്റ്റുചെയ്യുകയും ചെയ്യുമ്പോള്‍, നിങ്ങള്‍ കാറുകളില്‍ താല്‍പര്യമുള്ള ആളാണെന്നു വ്യക്തമാകും. ഒരു കാര്‍ കമ്പനിക്കാര്‍ക്ക് ഇത്തരം ആയിരക്കണക്കിനു പേരുടെ വിവരങ്ങള്‍ കിട്ടുന്നുവെന്നു വയ്ക്കുക. അവര്‍ എന്തു ചെയ്യും? അവരുടെ കാറുകളെ സംബന്ധിച്ച വിവരങ്ങളും മറ്റും നിരന്തരം നിങ്ങളുടെ ടൈംലൈനിലേക്ക് തന്നുകൊണ്ടേയിരിക്കും.