ഫൈസൽ ഫരീദ് പൊലീസ് നിരീക്ഷണത്തിൽ; യാത്രാവിലക്ക് ഏർപ്പെടുത്തി യു.എ.ഇ

0

പാസ്‍പോർട്ട് ഇന്ത്യ മരവിപ്പിച്ചതിനു പിന്നാലെ സ്വർണക്കടത്തു കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന് യു.എ.ഇയിലും യാത്രാ വിലക്ക്. ദുബൈ പൊലീസ് ഇയാളിൽ നിന്ന് മൊഴിയെടുത്തതായാണ് വിവരം. ദുബൈ പൊലീസിന്‍റെ നിരീക്ഷണത്തിൽ തന്നെയാണ് ഫൈസലിപ്പോൾ.

യാത്രാവിലക്ക് ഏർപ്പെടുത്തിയതോടെ യു.എ.ഇ വിട്ട് മറ്റൊരു രാജ്യത്തേക്ക് പോവുക ഫൈസലിന് അസാധ്യമായി. അന്വേഷണ സംഘം സമ്മർദം തുടരുന്ന സാഹചര്യത്തിൽ അധികം വൈകാതെ ഇയാളെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറുമെന്നും അറിയുന്നു.

ഇന്ത്യയും യു.എ.ഇയും തമ്മിൽ അന്വേഷണ കാര്യത്തിൽ മികച്ച ഏകോപനമാണുള്ളത്. വ്യാജരേഖകളും മറ്റും നിർമിച്ച് കോൺസുലേറ്റിന്‍റെ പേരിൽ ഗുരുതര കുറ്റകൃത്യം നടത്താൻ പ്രതികൾ തുനിഞ്ഞുവെന്നാണ് യു.എ.ഇയുടെ വിലയിരുത്തൽ. യു.എ.ഇയുടെ അറ്റാഷെ ഇന്ത്യയിൽ നിന്ന് മടങ്ങിയെങ്കിലും ഇതേക്കുറിച്ച് എന്തെങ്കിലും പ്രതികരിക്കാൻ അധികൃതർ വിസമ്മതിക്കുകയാണ്.