ഇന്ത്യയെ വിലക്കി ഫിഫ; രാജ്യാന്തര മത്സരം കളിക്കാനാകില്ല

0

സൂറിച്ച്: ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷനെ ഫിഫ വിലക്കി. നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടിയെന്നു വെബ്സൈറ്റിലെ വാർത്താക്കുറിപ്പിൽ ഫിഫ അറിയിച്ചു. വിലക്ക് നീങ്ങുന്നതുവരെ ഇന്ത്യയ്ക്ക് ഒരു രാജ്യാന്തര മത്സരവും കളിക്കാനാകില്ല. ഇതോടെ ഇന്ത്യയ്ക്ക് അണ്ടര്‍–17 വനിത ലോകകപ്പ് നഷ്ടമാകും.

അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഭരണസമിതിയിൽ (എഐഎഫ്എഫ്) ഉടൻ തിരഞ്ഞെടുപ്പ് നടത്താനുള്ള സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഫിഫ ഇടപെട്ടിരുന്നു. കോടതി ഉത്തരവിന്റെ പൂർണരൂപം അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ട രാജ്യാന്തര ഫുട്ബോൾ ഭരണസമിതി, ഇതു വിശദമായി പരിശോധിച്ച ശേഷം നടപടി പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചത്.

ഫിഫയുടെ നയങ്ങൾക്കു വിരുദ്ധമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഫുട്ബോൾ ഫെഡറേഷനെ വിലക്കുകയും ഒക്ടോബറിൽ ഇന്ത്യ ആതിഥ്യം വഹിക്കേണ്ട അണ്ടർ–17 വനിതാ ലോകകപ്പ് വേദി ഇവിടെനിന്നു മാറ്റുകയും ചെയ്യുമെന്നായിരുന്നു മുന്നറിയിപ്പ്. ഈ മാസം 28ന് തിരഞ്ഞെടുപ്പു നടത്താനാണു സുപ്രീം കോടതിയുടെ വിധി.