ചലച്ചിത്ര സംവിധായകൻ ആന്റണി ഈസ്റ്റ്മാൻ അന്തരിച്ചു

0

തൃശൂര്‍: ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ ആന്‍റണി ഈസ്റ്റ്മാന്‍ (75) അന്തരിച്ചു. രചയിതാവ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്നീ നിലകളിലും ശ്രദ്ധ നേടിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരില്‍ വച്ചാണ് മരണം. സംസ്‍കാരം പിന്നീട്.

തൃശൂര്‍ ജില്ലയിലെ കുന്നംകുളം ചൊവ്വന്നൂരിൽ മുരിങ്ങാത്തേരി കുര്യാക്കോസിന്‍റെയും മാർത്തയുടെയും മകനായി 1946ലാണ് ജനനം. അറുപതുകളുടെ മധ്യത്തോടെ ഫോട്ടോഗ്രാഫറായി ജീവിതം ആരംഭിച്ചു. പിന്നീട് എറണാകുളത്തേക്കു മാറുകയും ഈസ്റ്റ്മാൻ എന്ന പേരിൽ ഒരു സ്റ്റുഡിയോ ആരംഭിക്കുകയും ചെയ്തു. അങ്ങനെ ആന്‍റണി ഈസ്റ്റ്മാൻ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്.

സിനിമാലോകത്ത് പ്രശസ്തരായിത്തീർന്ന സിൽക്ക് സ്മിത, സംഗീതസംവിധായകൻ ജോൺസൺ തുടങ്ങി ഒട്ടേറെപ്പേർ അരങ്ങേറ്റം കുറിച്ച ‘ഇണയെത്തേടി’ ആയിരുന്നു ആദ്യം സംവിധാനം ചെയ്ത ചിത്രം. തുടർന്ന് വർണ്ണത്തേര്, മൃദുല, ഐസ്‌ക്രീം, അമ്പട ഞാനേ, വയൽ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. രചന, ഈ ലോകം ഇവിടെ കുറെ മനുഷ്യർ, ഇവിടെ ഈ തീരത്ത്, ഐസ്‌ക്രീം, മൃദുല, മാണിക്യൻ, തസ്‌ക്കരവീരൻ, ക്ലൈമാക്‌സ് എന്നീ ചിത്രങ്ങൾക്ക് കഥയും മൃദുല എന്ന ചിത്രത്തിന്റെ തിരക്കഥയുമെഴുതി.

പാർവ്വതീപരിണയം എന്ന ചിത്രത്തിന്റെ നിർമാതാവാണ്. അക്ഷരം എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി. ഗീതം, രാരീരം, തമ്മിൽ തമ്മിൽ, രചന, രക്തമില്ലാത്ത മനുഷ്യൻ, സീമന്തിനി, അവൾ വിശ്വസ്തയായിരുന്നു, ഈ മനോഹര തീരം, വീട് ഒരു സ്വർഗ്ഗം, മണിമുഴക്കം എന്നീ ചിത്രങ്ങളുടെ നിശ്ചല ഛായാഗ്രഹണം നിർവഹിച്ചു.