സിക്കിം അപകടം: ജീവന്‍ നഷ്ടമായ സൈനികരിൽ മലയാളിയും

0

സിക്കിമില്‍ സൈനികവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ജീവന്‍ നഷ്ടമായ സൈനികരിൽ മലയാളിയും. പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖ്(26) ആണ് മരിച്ചത്. നാല് വർഷത്തിലധികമായി സൈന്യത്തിൽ സേവനം അനുഷ്ഠിച്ച് വരവേയാണ് അപകടമുണ്ടായത്. സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 പേർക്കാണ് ജീവന്‍ നഷ്ടമായത്.

മരണം സംബന്ധിച്ച വിവരം സൈനികവൃത്തങ്ങൾ ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചതായാണ് റിപ്പോർട്ട്. ഒക്ടോബറിലാണ് ഒരു മാസത്തെ അവധി പൂർത്തിയാക്കിയ ശേഷം വൈശാഖ് തിരികെ ജോലിയിലേയ്ക്ക് മടങ്ങിയത്. സംഭവത്തിൽ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും അനുശോചനം രേഖപ്പെടുത്തിയിരുന്നു.

നോർത്ത് സിക്കിമിലെ സേമയിൽ ആണ് അപകടം ഉണ്ടായത്. താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്ന് ട്രക്കുകളിൽ ഒന്നാണ് മലഞ്ചെരുവിലേക്ക് മറിഞ്ഞത്. പരുക്കേറ്റ നാല് പേരെ ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റി. ചൈനയുമായി അതിർത്തി പങ്കിടുന്ന നോർത്ത് സിക്കിം മേഖലയിലെ സെമ എന്ന സ്ഥലത്താണ് അപകടമുണ്ടായതെന്ന് സൈന്യം അറിയിച്ചു.