കൂടുതൽ ഇന്ത്യൻ വിമാനങ്ങൾ യുക്രെയ്‌നിലേക്ക് പുറപ്പെടും: എംബസി

0

ഡൽഹി: സംഘർഷസാധ്യതയുള്ള യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ കൂടുതൽ വിമാന സർവ്വീസുകൾ നടത്താൻ തീരുമാനിച്ച് കേന്ദ്രം. എയർ ഇന്ത്യയുടെ കൂടുതൽ സർവ്വീസുകൾ ആലോചിക്കുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യമന്ത്രാലയവും ഇന്ത്യൻ എംബസിയും കൺട്രോൾ റൂമുകൾ തുറന്നു.

യുക്രൈനിലുള്ള വിദ്യാത്ഥികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ മടങ്ങണമെന്ന് ഇന്ത്യൻ എംബസി ഇന്നലെ നിർദ്ദേശിച്ചിരുന്നു. എന്നാൽ വിമാനസർവ്വീസ് ആവശ്യത്തിന് ഇല്ലാത്തത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വിദേശകാര്യമന്ത്രാലയം ഇടപെട്ട് വ്യോമയാന മന്ത്രാലയവുമായി സംസാരിക്കുകയും കൂടുതൽ സർവ്വീസ് നടത്താൻ തീരുമാനിക്കുകയുമായിരുന്നു.

നിലവിൽ കീവിൽ നിന്ന്ഡൽഹിയിലേക്ക് യുക്രൈനിയൻ അന്താരാഷ്ട്ര എയർലൈൻസിന്റെ വിമാന സർവ്വീസ് ഉണ്ട്. ഷാർജ, ദുബായ്, ദോഹ, ഫ്രാങ്ക്ഫർട്ട് എന്നീ നഗരങ്ങൾ വഴി എയർ അറേബ്യ, ഫ്ളൈ ദുബായ്, ഖത്തർ എയർവെയ്സ് എന്നിവയുടെ കണക്ടിംഗ് സർവ്വീസുകളുമുണ്ട്. യുക്രൈയിനിയൻ എയർലൈൻസിന്റെയും, എയർ ഇന്ത്യയുടെയും കൂടുതൽ സർവ്വീസുകൾ നടത്താനാണ് ധാരണ. ഇക്കാര്യത്തിൽ തീരുമാനമാകുമ്പോൾ അറിയിക്കും. അതുവരെ ഇപ്പോഴുള്ള സർവ്വീസുകൾക്ക് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ടിക്കറ്റ് എടുക്കാനാണ് നിർദ്ദേശം.

വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ഉറപ്പാക്കാനും, കോഴ്സുകളെ ബാധിക്കാതിരിക്കാനും സർവ്വകലാശാലകളുമായി എംബസി ചർച്ച നടത്തും. ഡൽഹിയിലും കീവിലും കൺട്രോൾ റൂമുകൾ തുറന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിമാന ടിക്കറ്റുകൾ കിട്ടാനില്ലെന്നും അടുത്തുള്ള നഗരങ്ങളിൽ നിന്ന് സർവ്വീസ് ഇല്ലെന്നും വിദ്യാർത്ഥികൾ ആശങ്ക അറിയിച്ചിരുന്നു. പല സർവ്വകലാശാലകളും കോഴ്സ് മുടങ്ങിയാൽ ഉത്തവാദിത്തം ഏൽക്കില്ലെന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം.

യുക്രൈൻ -റഷ്യ സംഘർഷത്തിൽ സമവായ ശ്രമങ്ങള്‍ പ്രതിസന്ധിയിലാണ്. യുദ്ധസമാന സാഹചര്യത്തിൽ 12 ഓളം രാജ്യങ്ങള്‍ യുക്രൈനിൽ നിന്ന് പൗരന്മാരെ പിൻവലിച്ചു തുടങ്ങി. പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ ഭയമില്ലെന്ന നിലപാടിലാണ് റഷ്യ. . യുക്രൈന്‍റെ അതിർത്തിയിൽ റഷ്യ 100000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് റഷ്യ വര്‍ദ്ധിപ്പിക്കുന്നതായും കഴിഞ്ഞദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. വ്യോമാക്രമണത്തിലൂടെ റഷ്യ, യുക്രൈന്‍ ആക്രമണത്തിന് തുടക്കം കുറിച്ചേക്കാമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. എന്നാല്‍ അമേരിക്ക യുദ്ധഭീതി പരത്തുകയാണെന്ന് റഷ്യ ആരോപിച്ചിരുന്നു.