ഭക്ഷ്യവസ്തുക്കളുടെ പായ്ക്കിങ്ങിന് റീസൈക്കിൾഡ് പ്ലാസ്റ്റിക് നിരോധിച്ചു

1

പാലക്കാട്: പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളുടെ സുരക്ഷയെക്കുറിച്ച് നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്യാൻ പുനരുപയോഗിച്ച (റീസൈക്കിൾഡ്) പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (ഫെസായ്) ഉത്തരവിട്ടു. ഉത്തരവ് നടപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് ജൂലൈ ഒന്ന് വരെ സമയം അനുവദിച്ചിട്ടുണ്ട്. മുംബൈ, നാഷണൽ ടെസ്റ്റ്ഹൗസ് (എൻ.ടി.എച്ച്) കൊൽക്കത്ത എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഫെസായ് പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളുടെ സുരക്ഷയെക്കുറിച്ചുള്ള പഠനം നടത്തിയത്.
കളർ ചേർത്ത കാരിബാഗുകൾ, കറുത്ത കാരിബാഗുകൾ, അലുമിനിയം കോട്ടിങ് ഉള്ള പേപ്പറുകൾ, പോളിത്തീൻ പൗച്ചുകൾ, പ്ലാസ്റ്റിക് കപ്പുകൾ, ഗുണനിലവാരം കുറഞ്ഞ പേപ്പർ കപ്പുകൾ എന്നിവയിലും പുനരുപയോഗ പ്ലാസ്റ്റിക് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഭക്ഷ്യവസ്തുക്കൾ പത്രക്കടലാസിൽ പൊതിഞ്ഞും ഇത്തരം പേപ്പർകൊണ്ട് നിർമിച്ച കാരിബാഗുകളിലാക്കി നല്കുന്നതും നിരുത്സാഹപ്പെടുത്തണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
അസംഘടിത വ്യാപാര മേഖലയിലെ ഭക്ഷ്യവസ്തുക്കളിലാണ് ഗുണനിലവാരം കുറഞ്ഞ പായ്ക്കിങ് വസ്തുക്കളുടെ വ്യാപക ഉപയോഗം കണ്ടെത്തിയത്. ഉത്തരവ് നടപ്പാക്കാൻ അസംഘടിതമേഖലയിൽ ബോധവത്കരണം അനിവാര്യമാണ്. അതുകൊണ്ടാണ് ആറ് മാസത്തെ സമയപരിധി അനുവദിച്ചത്.