മുൻ രഞ്ജി താരം ജയമോഹൻ തമ്പിയുടേത് കൊലപാതകമെന്ന് സംശയം; മകനും അയൽവാസിയും കസ്റ്റഡിയില്‍

0

മുൻ കേരള രഞ്ജി താരം ജയമോഹൻ തമ്പിയുടെ മരണം കൊലപാതകമെന്ന് സംശയം. മകൻ അശ്വിൻ പൊലീസ് കസ്റ്റഡിയിൽ. ജയമോഹന്‍ തമ്പിയെ മകന്‍ തള്ളിയിട്ടെന്ന് പൊലീസ് പറയുന്നു. നെറ്റിയിലെ ആഴമുള്ള മുറിവാണ് മരണകാരണമായത്. അയല്‍വാസിയേയും കസ്റ്റഡയിൽ എടുത്തു. കഴിഞ്ഞ ദിവസമാണ് ജയമോഹന്‍ തമ്പിയെ വീടിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ മകൻ തള്ളിയിട്ടപ്പോൾ നെറ്റിയിലേറ്റ മുറിവാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. പണത്തെ ചൊല്ലിയുള്ള തർക്കമാണ് ഇതിലേക്ക് നയിച്ചത് എന്നാണ് സൂചന. എടിഎം കാർഡ് തട്ടിയെടുത്ത ശേഷം അച്ഛനെ മകൻ അടിച്ചുവീഴ്‌ത്തി. അച്ഛൻ വീണുകിടന്ന ശേഷവും മകൻ മദ്യപിച്ചു എന്നും സൂചനയുണ്ട്. 64കാരനായ ജയമോഹൻ തമ്പി ആലപ്പുഴ സ്വദേശിയാണ്.

മണക്കാട് മുക്കോലക്കല്‍ ദേവി ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ തിങ്കളാഴ്‌ച രാവിലെയാണ് ജയമോഹന്‍ തമ്പിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് മുകളില്‍ താമസിക്കുന്നവര്‍ ദുര്‍ഗന്ധത്തെ തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍, ജയമോഹനൊപ്പം താമസിച്ചിരുന്ന മകന്‍ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നെറ്റിയിലെ മുറിവ് മരണകാരണമാണ് എന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അശ്വിനെ ചോദ്യം ചെയ്‌തുവരികയാണ്.