നിഥിൻ പോയതറിയാതെ ആതിര അമ്മയായി; പിറന്നത് പെൺകുഞ്ഞ്

0

കോഴിക്കോട്: ഇന്നലെ ദുബായില്‍ അന്തരിച്ച നിതിന്റെ ഭാര്യ ആതിര കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പെൺകുഞ്ഞിനുജന്മം നൽകി. രക്തദാനമാണ് മഹാദാനമെന്ന് വിശ്വസിച്ച് അതിനായി ഓടി നടന്ന നിതിന് സ്വന്തം രക്തത്തില്‍ പിറന്ന മകളെ കാണാനായില്ല.കുഞ്ഞിന്റെ മുഖം കാണാൻ കാത്തുനിൽക്കാതെ നിതിൻ യാത്രയായ വിവരം ആതിര ഇതുവരെ അറിഞ്ഞിട്ടില്ല.

പ്രവാസലോകത്തുള്ള ഗര്‍ഭിണികള്‍ക്ക് നാട്ടിലെത്താന്‍ വിമാന സര്‍വീസ് ആരംഭിക്കാന്‍ സുപ്രീം കോടതിവരെ എത്തിയ ദമ്പതിമാരാണ് ആതിരയും നിതിന്‍ ചന്ദ്രനും. വന്ദേഭാരത് മിഷന്റെ ആദ്യവിമാനത്തില്‍ത്തന്നെ ആതിര കഴിഞ്ഞമാസം നാട്ടിലേക്കുവന്നു. നിതിന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും രക്തദാന ക്യാമ്പുകളുമായി ദുബായില്‍ത്തന്നെ നിന്നു.

ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലെ താമസസ്ഥലത്തുവെച്ച് തിങ്കളാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് നിതിന്‍ മരിച്ചത്. ഭാര്യയ്ക്കൊപ്പം വരാമായിരുന്നുവെങ്കിലും, അത്യാവശ്യമായി നാട്ടിലെത്തേണ്ട മറ്റൊരാളുടെ അവസരം നഷ്ടപ്പെടുത്തേണ്ടെന്നു കരുതി നിതിൻ വരാതിരുന്നത്.