കൊറോണ: സ്വകാര്യ ലാബുകളിലെ സൗജന്യ പരിശോധന പാവപ്പെട്ടവര്‍ക്ക് മാത്രം

0

ന്യൂഡല്‍ഹി: സ്വകാര്യ ലാബുകളിലെ കൊറോണ വൈറസ് പരിശോധന പാവപ്പെട്ടവർക്ക് മാത്രമായി പരിമിതപ്പെടുത്തി. സുപ്രീം കോടതിയാണ് ഇക്കാര്യത്തിൽ പുതിയ ഉത്തരവിറക്കിയത്. സ്വകാര്യ ലാബുകളും കോവിഡ് 19 പരിശോധന എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കണമെന്ന മുന്‍ ഉത്തരവ് സുപ്രീം കോടതി പരിഷ്‌കരിച്ചു. സൗജന്യമായി പരിശോധന നടത്തുമ്പോഴുണ്ടാകുന്ന ചെലവ് താങ്ങാനാവുന്നില്ലെന്ന് സ്വകാര്യ ലാബുകള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് വിധിയില്‍ പരിഷ്‌കാരം കൊണ്ടുവന്നിരിക്കുന്നത്.

ആയുഷ്മാൻ ഭാരത്’ യോജന പ്രകാരം ഇൻഷൂറൻസുള്ള പാവപ്പെട്ടവർക്ക് മാത്രമേ പരിശോധന സൗജന്യമായി നടത്തേണ്ടതുള്ളൂഎന്നാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്. ടെസ്റ്റിനുള്ള പണം നൽകാൻ കഴിയുന്നവർക്കും പരിശോധന സൗജന്യമാക്കണമെന്ന് ഉദ്ദേശമുണ്ടായിരുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

മറ്റുള്ളവരുടെ കൊവിഡ് പരിശോധനകള്‍ക്ക് ഐ.സി.എം.ആര്‍ നിശ്ചയിച്ചിട്ടുള്ള 4500 രൂപ ഇനിമുതല്‍ സ്വകാര്യ ലാബുകള്‍ക്ക് ഈടാക്കാം. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ ഗുണഭോക്താക്കള്‍ക്ക് നിലവില്‍ സ്വകാര്യ ലാബുകളില്‍ പരിശോധന സൗജന്യമാണെന്ന് ഐ.സി.എം.ആര്‍ സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചു. മറ്റേതെങ്കിലും വിഭാഗത്തിന് സൗജന്യ പരിശോധന അനുവദിക്കണമോ എന്ന കാര്യത്തില്‍ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ മുഴുവന്‍ ലാബുകളിലും കോവിഡ് പരിശോദന പൂര്‍ണമായും സൗജന്യമായി നടത്തണമെന്ന് ഏപ്രില്‍ എട്ടിന് സുപ്രീംകോടതി വിധിച്ചിരുന്നു. തുടര്‍ന്നാണ് ചെലവ് താങ്ങാനാവുന്നില്ലെന്ന് വ്യക്തമാക്കി സ്വകാര്യ ലാബുകള്‍ കോടതിയെ സമീപിച്ചത്. സ്വകാര്യ ലാബുകളുടെ ബുദ്ധിമുട്ട് വ്യക്തമായതിനെത്തുടര്‍ന്ന് വിഷയത്തില്‍ ഐ.സി.എം.ആറും ഇടപെടുകയായിരുന്നു. ഐ.സി.എം.ആറിന്റെ അംഗീകാരമുള്ള 151 ലാബുകളാണ് രാജ്യത്ത് നിലവില്‍ കൊവിഡ് പരിശോധനകള്‍ നടത്തുന്നത്. സ്വകാര്യ ലാബുകള്‍ ഇതുവരെ പരിശോധന ആരംഭിച്ചിട്ടില്ല.