ഇന്നുമുതല്‍ പിൻസീറ്റിലുള്ളവർക്കും ഹെല്‍മെറ്റ് നിർബന്ധം; ഇല്ലെങ്കില്‍ പിഴ 500 രൂപ

0

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഞായറാഴ്ചമുതല്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കും. ഹെൽമറ്റില്ലാത്ത 2 പേർ യാത്ര ചെയ്യുന്നുണ്ടെങ്കിൽ അതു 2 നിയമലംഘനമായി കണക്കാക്കി ഇരട്ടപ്പിഴ ഈടാക്കുമെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.

വാഹന ഉടമയിൽ നിന്നാണു പിഴ ഈടാക്കുക. ഒരു നിയമലംഘനത്തിനുള്ള പിഴ 500 രൂപ. കുറ്റം ആവർത്തിച്ചാൽ 1000 രൂപ. നാലുവയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. പരിശോധന കര്‍ശനമാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. ആദ്യഘട്ടത്തില്‍ വ്യാപകമായി പിഴചുമത്തിയേക്കില്ല. താക്കീതുനല്‍കി വിട്ടയയ്ക്കാനാണ് വാക്കാലുള്ള നിര്‍ദേശം. ഘട്ടംഘട്ടമായി പിഴചുമത്തല്‍ കര്‍ശനമാക്കും.

ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിൽ, 4 വയസ്സിനു മുകളിലുള്ള ഇരുചക്രവാഹന യാത്രക്കാർ ബിഐഎസ് അംഗീകൃത ഹെൽമറ്റ് ധരിക്കണമെന്നു നിർദേശിച്ചു ട്രാൻസ്പോർട്ട് കമ്മിഷണർക്കും ഡിജിപിക്കും ജില്ലാ കലക്ടർമാർക്കും ആർടിഒമാർക്കും കഴിഞ്ഞയാഴ്ച ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കത്തയച്ചു. ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് പിഴ ചുമത്താൻ സംസ്ഥാനത്തെ 85 എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾക്കും ട്രാൻസ്പോർട്ട് കമ്മിഷണർ നിർദേശം നൽകി. 240 നിരീക്ഷണ ക്യാമറകൾ വഴിയും നിയമലംഘകരെ കണ്ടെത്തും.