‘ഓലപാമ്പ് കാണിച്ച് ഭയപ്പെടുത്തേണ്ട; ‘അഭ്യാസി ഡ്രൈവർമാർ’ തന്നെ ബസ് ഓടിക്കും: ബസ് ഉടമയുടെ വെല്ലുവിളി

0

അഞ്ചൽ ∙ മോട്ടർ വാഹനവകുപ്പിനെ വെല്ലുവിളിച്ച്, കൊല്ലം അഞ്ചലില്‍ സ്കൂളില്‍ സാഹസികാഭ്യാസം കാട്ടിയ ലൂമിയര്‍ ബസിന്റെ ഉടമ. അപകടകരമായി വാഹനം ഓടിച്ച ഡ്രൈവര്‍മാരുടെ ലൈസന്‍സ് രണ്ടുമാസത്തേക്ക് മാത്രമേ റദ്ദാക്കാന്‍ സാധിക്കൂവെന്നും രണ്ടുമാസം കഴിഞ്ഞാല്‍ ഇവര്‍ തന്നെ ബസുകള്‍ ഓടിക്കുമെന്നും കാട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റ്. നടപടി നേരിട്ട ലൂമിയര്‍ ബസിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് വെല്ലുവിളിയുടെ സ്വരത്തിലുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

സ്കൂൾ മൈതാനത്ത് ബസുകളുടെ അഭ്യാസപ്രകടനത്തെപ്പറ്റി മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടതോടെ മോട്ടർ വാഹന വകുപ്പ് ശക്തമായ നടപടികൾ ആരംഭിച്ചിരുന്നു. വിനോദയാത്ര കഴിഞ്ഞു വന്നയുടനെ പുലർച്ചെ തന്നെ മോട്ടർ വാഹന വകുപ്പ് ഈ രണ്ട് ബസുകളും കസ്റ്റഡിയിലെടുക്കുകയും ഫിറ്റ്നസ് റദ്ദാക്കുകയും ചെയ്തിരുന്നു. ഒപ്പം ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.

എന്തൊക്കെ ചെയ്താലും ഡ്രൈവർമാരുടെ ലൈസൻസ് രണ്ടുമാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ മാത്രമേ സാധിക്കൂ എന്നും ആ കാലാവധി കഴിഞ്ഞാൽ ഈ ഡ്രൈവർമാർ തന്നെ വാഹനങ്ങൾ ഓടിക്കുമെന്നും ലൂമിയർ ബസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ കുറിപ്പിൽ പറഞ്ഞിരുന്നു. ദൃശ്യങ്ങൾ സഹിതം പുറത്തു വിട്ട മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുറിപ്പിൽ പറയുന്നു. എന്നാൽ സംഭവം വിവാദമായതോടെ ലൂമിയർ ഗ്രൂപ്പ് ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. അതിനിടെ കൊല്ലം ജില്ലയില്‍ അഞ്ച് ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കി.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ഈ കഴിഞ്ഞ 27 മുതൽ ദൃശ്യ മാധ്യമങ്ങളിൽ പ്രചരിച്ചുവരുന്ന Lumiere Travel Hub ന്‍റെ രണ്ടു ബസുകളെ പറ്റിയുള്ള വ്യാജ വാർത്തകളെ പറ്റി എല്ലാവരും കണ്ടു കാണുമല്ലോ.. ടൂറിസ്റ്റ് ഫീൽഡിൽ കഴിഞ്ഞ രണ്ടു വർഷത്തോളമായി മാന്യമായ രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു പ്രസ്ഥാനമാണ് Lumiere…Lumiere ആരംഭിച്ചു ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ കേരളത്തിലെ ടൂറിസ്റ്റ് ബസ് കൊമ്പന്മാരിൽ മുൻ നിരയിൽ എത്തിയിട്ടുണ്ട്.. ഞങ്ങളുടെ ആദ്യ വണ്ടിയായ തെക്കിന്‍റെ തേവർക്കു ജനങ്ങൾക്കിടയിൽ ഉണ്ടായ സ്വീകാര്യതയാണ് ഞങ്ങളുടെ അടുത്ത വണ്ടിയായ “ആണൊരുത്തന്‍റെ” പിറവിക്ക് കാരണം…

ന്യായമായ വാടകക്ക് ട്രിപ്പ്‌ എടുക്കുകയും നിയമപരമായ എല്ലാ കാര്യങ്ങളും അതിന്‍റെ മുറക്ക് തന്നെ ചെയ്യുകയും ചെയ്യുന്ന ഒരു പ്രസ്ഥാനം എന്ന നിലയ്ക്ക് ഈ “ഓലപാമ്പ്‌ ” കണ്ടു പേടിക്കും എന്ന് കരുതിയവർക്ക് തെറ്റി. ഒരാളുടെ വളർച്ചയിൽ അസൂയാലുക്കൾ ആകുന്ന മലയാളിയുടെ സ്വതസിദ്ധമായ വാസനയാണ് ഈ പ്രശ്നങ്ങളുടെ എല്ലാം മൂലകാരണം. അഞ്ചൽ ഈസ്റ്റ്‌ സ്കൂളിൽ നടന്ന പ്രശ്നം എന്താണെന്നു സ്കൂളിന്‍റെ ഭാഗത്തു നിന്നും, PTA യുടെ ഭാഗത്തു നിന്നും അധികാരികളെ ഔദ്യോഗികമായി രേഖാമൂലം അറിയിച്ചിട്ടുണ്ട്. ദൃശ്യ മാധ്യമങ്ങളിൽ കാണിച്ച വിഡിയോ, വളച്ചൊടിച്ചു പ്രസിദ്ധീകരിച്ചതാണെന്ന് തെളിവ് സഹിതം സമർത്ഥിച്ചിട്ടുമുണ്ട്.

സ്കൂളിൽ നിന്നും പോയ വാഹനം, തമിഴ്നാട്ടിൽ വെച്ചു വീണ്ടും അപകടകരമായ രീതിയിൽ ഓടിക്കുന്നു എന്ന് പറഞ്ഞു ചാനലുകാർ നൽകിയ വാർത്തകൾ മാസങ്ങൾക്കു മുന്നേ മൈസൂർ വൃന്ദാവൻ ഗാർഡൻ പാർക്കിങ്ങിൽ വേറൊരു ഡ്രൈവറുടെ സഹായത്തോടെ ചിത്രീകരിച്ച വിഡിയോ ആണെന്ന് അത് കാണുന്ന ആർക്കും മനസ്സിലാക്കാവുന്നതാണ്. ഞങ്ങളുടെ ഡ്രൈവർമാരും മനുഷ്യർ ആണ്, അമാനുഷികർ അല്ല എന്ന സത്യം മാധ്യമ മലരുകർ മനസ്സിലാകുന്നത് നന്ന്…

ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിച്ച എല്ലാ മുൻനിര മാധ്യമങ്ങൾക്കെതിരെയും ഞങ്ങൾ നിയമ നടപടികൾ തുടങ്ങി കഴിഞ്ഞു എന്ന വിവരം ‘സന്തോഷത്തോടെ’ അറിയിച്ചു കൊള്ളട്ടെ !! അപ്പൊ ബാക്കി ഇനി കോടതിയിൽ കാണ്ണാട്ടോ മുത്തേ !!!! ഈ വാർത്തകൾ പ്രസിദ്ധീകരിച്ച ആളുകളോട് ഒരു കാര്യം, ” നിന്‍റെയൊക്കെ പ്രായം കാണുമെടാ ഞങ്ങളുടെ ഡ്രൈവർമാരുടെ experience നു… ഈ ചങ്കുകളെ എന്നും നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കും ഞങ്ങൾ…

നീയൊക്കെ വിചാരിച്ചാൽ ചിലപ്പോൾ ഒന്ന് രണ്ട് മാസത്തേക്ക് ഇവരുടെ ലൈസൻസ് കട്ട്‌ ചെയ്യാൻ സാധിച്ചേക്കും, പക്ഷെ അതിനു ശേഷവും ഇവർ തന്നെ ആയിരിക്കും ഞങ്ങളുടെ സാരഥികൾ…
ഇത്രയും നാൾ ഞങ്ങളോട് സഹകരിച്ച എല്ലാ മാന്യ സുഹൃത്തുക്കളോടും ഒരു വാക്ക്, ” ഒറ്റക്കു നിന്ന് പൊരുതി നേടി ഉണ്ടാക്കിയ Lumiere എന്ന ഈ പ്രസ്ഥാനത്തെ തകർക്കാൻ നോക്കിയവരുടെ എല്ലാം ദിവാസ്വപ്നങ്ങൾക്ക് മേലെ ശക്തമായ നിയമ നടപടികൾ ഉടൻ ഉണ്ടാകുന്നതാണ്..

വെറുതെ സോഷ്യൽ മീഡിയയിൽ കിടന്നു തള്ളുക എന്നത് മാത്രമല്ല സേട്ടൻമാരെ സർവീസ്, കസ്റ്റമറിന്‍റെ കയ്യിൽ നിന്നും വാങ്ങുന്ന പണത്തിനു അതിന്‍റേതായ സൗകര്യങ്ങൾ കൂടി ഒരുക്കണം അവനവന്‍റെ വണ്ടിയിൽ, അപ്പോഴേ പിള്ളേർ വണ്ടി വിളിക്കു… അല്ലാതെ എനിക്കും കോളേജ് ട്രിപ്പ്‌ ഓടണം എന്നും പറഞ്ഞു നല്ല സർവീസ് കൊടുക്കുന്ന വണ്ടിക്കാരെ കള്ളകേസിൽ കുടുക്കി തടയാൻ നോക്കിയാൽ നീയൊക്കെ ട്രിപ്പും ഓടില്ല, ഒരു &$%$* ഉം ഓടില്ല.. ട്രിപ്പ്‌ പോയ സ്കൂളിലെ അദ്ധ്യാപകർക്കും രക്ഷാകർത്താക്കൾക്കും വിദ്യാർത്ഥികൾക്കും ഒരു പരാതിയോ ബുദ്ധിമുട്ടോ ഉണ്ടായിട്ടില്ല അന്നത്തെ സംഭവത്തിൽ, കാരണം ആണ് വിഡിയോകൾ എഡിറ്റ്‌ ചെയ്തതാനെന്നു പച്ചവെള്ളം കുടിക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതാണ്..

അഞ്ചൽ ട്രിപ്പിനെ സംബന്ധിച്ചു ഇത്രയും സമ്മർദ്ദം ഉണ്ടായിട്ടും വിദ്യാർത്ഥികൾക്ക് ഒരു കുറവും വരുത്താതെ ട്രിപ്പ്‌ തിരികെ എത്തിച്ച ഞങ്ങളുടെ ജീവനക്കാർക്ക് ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി അറിയിക്കുന്നു…”നിങ്ങ പൊളിയാ മച്ചാന്മാരെ”.. ശക്തമായ അടിത്തറയും, കട്ടക്ക് നിൽക്കുന്ന പിള്ളേരും ഉള്ളപ്പോൾ ഞങ്ങളുടെ ഒരു രോമത്തിൽ പോലും നീയൊന്നും തൊടില്ല…

ധൈര്യമുണ്ടേൽ ആണുങ്ങളെ പോലെ നേരിട്ട് വാ സേട്ടൻമാരെ, അല്ലാതെ ഒരു മാതിരി ശിഖണ്ടികളെ പോലെ ഈ മാധ്യമ മലരുകളെ മുൻനിർത്തി ഒളിച്ചു കളിക്കാതെ.. കേവലം പിച്ച കാശിനു വേണ്ടി പിതൃ ശൂന്യമായ റിപ്പോർട്ടിങ് നടത്തുന്ന ഇവന്‍റെയൊക്കെ പിന്തുണ വേണമായിരിക്കും അല്ലേ നിനക്കൊക്കെ Lumiere നോട് മുട്ടാൻ… പരമകഷ്ടം !!!