ലോകത്തിലെ അഞ്ചാമത്തെ സമ്പന്നനായി ഇന്ത്യൻ വ്യവസായ പ്രമുഖന്‍ ഗൗതം അദാനി

1

ലോകത്തിലെ അഞ്ചാമത്തെ സമ്പന്നനായി ഇന്ത്യൻ വ്യവസായ പ്രമുഖന്‍ ഗൗതം അദാനി സ്ഥാനത്തേക്ക്. ഫോബ്‌സ് റിപ്പോർട്ട് പ്രകാരം 123.7 ബില്യൺ യുഎസ് ഡോളറാണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ആകെ ആസ്തി. വാറൻ ബുഫറ്റിനെ പിന്തള്ളിയാണ് ഗൗതം അദാനി അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. 121.7 ബില്യൺ യുഎസ് ഡോളറാണ് വാറൻ ബുഫറ്റിന്റെ ആസ്തി. ഫോബ്സ് മാസികയുടെ റിയൽ ടൈം ബില്യണേഴ്സ് പട്ടികയിലാണ് സമ്പന്നരുടെ സ്വത്ത് വിവരങ്ങൾ പട്ടികപ്പെടുത്തിയത്.

ഫോബ്സ് പട്ടിക പ്രകാരം സ്പേസ് എക്സിന്റെയും ടെസ്‌ലയുടെ മേധാവി ഇലോൺ മസ്കിനാണ് ആണ് ആദ്യ സ്ഥാനം ലഭിച്ചിരിക്കുന്നത്. 59 കാരനായ ഗൗതം അദാനി ഇന്ത്യയിലെ ഒന്നാമത്തെയും ഏഷ്യയിലെ രണ്ടാമത്തെയും സമ്പന്നനായാണ് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 43 ബില്യൺ ഡോളര്‍ വരുമാനമാണ് 2022 ൽ ഗൗതം നേടിയത്. 269.7 ബില്യൺ ഡോളറുമായി ഇലോൺ മസ്‌ക് ഒന്നാം സ്ഥാനത്തുണ്ട്.

170.2 ബില്യൺ ഡോളര്‍ ആസ്ഥിയുമായി ആമസോൺ മേധാവി ജെഫ് ബെസോസ് രണ്ടാം സ്ഥാനത്തും 167.9 ബില്യൺ ഡോളർ സമ്പാദ്യവുമായി എൽഎംവിഎച്ച് ഉടമ ബെർണാഡ് അർനോൾട്ട് മൂന്നാം സ്ഥാനത്തും ഉണ്ട്. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ് ആണ് 130.2 ബില്യൺ ഡോളറുമായി നാലാം സ്ഥാനത്തെത്തിയിരിക്കുന്നത്. 104.2 ബില്യൺ യുഎസ് ഡോളറുമായി എട്ടാം സ്ഥാനത്ത് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനിയുമുണ്ട്.

2020 ലെ 17 ബില്യൺ ഡോളറിൽ നിന്ന് അദാനിയുടെ സമ്പത്ത് ഏകദേശം അഞ്ച് മടങ്ങ് വർദ്ധിച്ച് 81 ബില്യൺ ഡോളറായി. ഇന്ത്യൻ സമ്പന്നരുടെ പട്ടികയിൽ ഒന്നാമതുള്ള അദാനി ബ്ലുംബർഗ് ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം ലോകത്ത് ഈ വർഷം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ സമ്പന്നരുടെ പട്ടികയിൽ രണ്ടാമതാണ്.