കാനഡ പിടിച്ച പുലിവാല്‍

0

He who rides a tiger is afraid to dismount എന്ന ഇംഗ്ലീഷ് പഴഞ്ചൊല്ലിനെ  ‘പുലിവാല്‍പിടിത്തം’ എന്ന് ഏറ്റവും ചുരുക്കി പരിഭാഷപ്പെടുത്താം. ബംഗാള്‍ കടുവയുടെ പുറത്തിരിക്കുന്ന ജോ ബൈഡനും (അമേരിക്ക), റിഷി സുനകും (ബ്രിട്ടന്‍), ആന്തണി ആല്‍ബനീസും (ആസ്ട്രേലിയ) താഴെയിറങ്ങിയ ജസ്റ്റിന്‍ ട്രൂഡോയെ കടുവ കടിച്ചുകീറുന്നതു കാണുന്ന കാര്‍ട്ടൂണാണ്‌ പ്രമുഖ കനേഡിയന്‍ പത്രമായ ഗ്ലോബ് ആന്‍റ് മെയിലില്‍  കാര്‍ട്ടൂണിസ്റ്റായ ഡേവിഡ് പാര്‍ക്കിന്‍സ് ഈയിടെ വരച്ചത്. കടുവ ഇന്ത്യയെന്നു വ്യംഗ്യം. അതേ അവസ്ഥയിലാണിപ്പോള്‍ ഇന്‍ഡ്യയ്ക്കെതിരേ ആരോപണമുന്നയിച്ച കനേഡിയന്‍ പ്രധാനമന്ത്രിയായ ജസ്റ്റിന്‍ ട്രൂഡോ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമപ്രവര്‍ത്തകരുടെ ഏതു ചോദ്യത്തിനും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഉത്തരം ഒന്നു മാത്രമാണ്‌ : ”ലോകസമാധാനത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും എന്നും മുമ്പില്‍ നില്‍ക്കുന്ന കാനഡയ്ക്ക് അവരുടെ പൗരരുടെ സുരക്ഷ ഉറപ്പാക്കേണ്ട ബാദ്ധ്യതയുണ്ട്.” ദിവസങ്ങള്‍ക്കു മുമ്പാണ്‌, പിന്നില്‍ പല സുഹൃദ്‌രാജ്യങ്ങളും കൂടെയുണ്ടാവുമെന്നുള്ള പ്രതീക്ഷയില്‍ ട്രൂഡോ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആ ആരോപണം പുറത്തുവിട്ടത് : ”കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിനു പിന്നില്‍ ഇന്‍‌ഡ്യയുടെ കരങ്ങളുണ്ട്!”  ഈ പ്രസ്താവനയ്ക്കൊപ്പം തന്നെ പവന്‍ കുമാര്‍ റായ് ഐ.പി.എസ്  എന്ന നയതന്ത്രോദ്യോഗസ്ഥനെ കാനഡ പുറത്താക്കുകയും ചെയ്തു. ഇന്‍ഡ്യയില്‍ നിന്നു മടങ്ങിയെത്തിയ ഉടന്‍ തന്നെ ട്രൂഡോ ചെയ്ത ഈ നടപടികള്‍ കാനഡയിലെ പ്രതിപക്ഷത്തിന്‍റേയും ജനങ്ങളുടേയും മുമ്പില്‍ ഒരു മുഖം രക്ഷിക്കല്‍ മാത്രമായിരുന്നു. മാത്രമല്ല, കൂടെ സഖ്യരാജ്യങ്ങള്‍ ആരുമില്ലെന്നു കണ്ടതിനാല്‍ ആരോപണത്തിന്‍റെ ശക്തി കുറച്ച നിലയിലാണ്‌ ട്രൂഡോ പിന്നീട് പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടത്

ഖലിസ്താനികളുടെ സ്വാധീനം എത്രത്തോളം

കാനഡ വളരെ പണ്ടുമുതലേ ഒരു കുടിയേറ്റരാജ്യമാണ്‌. പതിനേഴാം നൂറ്റാണ്ടുമുതല്‍  ആരംഭിച്ച കുടിയേറ്റം ഇപ്പോഴും തുടരുന്നുണ്ട്. യൂറോപ്യന്മാര്‍ തുടങ്ങിവച്ച കുടിയേറ്റത്തില്‍ മരാമത്ത് പണികള്‍ക്കാണ്‌ ഏഷ്യക്കാരെ കൊണ്ടുവന്നു തുടങ്ങിയത്. അതില്‍ ചൈനക്കാരും പിന്നീട് ഇന്‍ഡ്യക്കാരുമാണ്‌  കൂടുതലായി ഉണ്ടായിരുന്നത്.

ഇന്‍ഡ്യക്കാരില്‍ ആദ്യമെത്തിയത് സിക്ക് ജനതയായിരുന്നു.ഇന്നിപ്പോള്‍ ആകെയുള്ള നാലേകാല്‍ കോടി ജനസംഖ്യയില്‍ 2.5% അവരാണ്‌. അതായത്, ഏകദേശം 10 ലക്ഷത്തിലധികം വരുന്ന കുടിയേറ്റം പഞ്ചാബില്‍ നിന്നാണ്‌. ഈ വോട്ടുബാങ്കില്‍  കാനഡയിലെ പ്രധാന രാഷ്ട്രീയകക്ഷികള്‍ക്കെല്ലാം അക്കൗണ്ടുകളുണ്ട്. അതുകൊണ്ടുതന്നെ ഇവരുടെ പ്രവൃത്തികള്‍ നിര്‍ണ്ണായകമാകുന്നുണ്ട്. ഈ സിക്ക് ജനതയുടെ നാലില്‍ ഒരു ഭാഗം പോലും ഖാലിസ്ഥാന്‍വാദത്തെ പിന്തുണയ്ക്കുന്നില്ലെങ്കില്‍‌പ്പോലും അവരുടെ ഒരു പ്രതിനിധി തിരഞ്ഞെടുപ്പില്‍ മറ്റുള്ളവരോടു മത്സരിക്കുമ്പോള്‍ അവര്‍ കൂട്ടത്തോടെ ആ വിജയത്തിനായി യജ്ഞിക്കും. ഇത് സിക്ക് ജനവിഭാഗത്തിലെ മിതവാദികളുടെ അതിജീവനത്തിന്‍റെ പ്രശ്നമായി മാറുകയും ഫലത്തില്‍ തീവ്രവാദത്തിനു മുതല്‍ക്കൂട്ടാകുകയും ചെയ്യുന്നു.

ആഭ്യന്തരപ്രശ്നങ്ങളില്‍ ട്രൂഡോ

ഇത് ജസ്റ്റിന്‍ ട്രൂഡോയുടെ രണ്ടാം മന്ത്രിസഭയാണ്‌. സ്തീകള്‍ക്കും എല്ലാ കുടിയേറ്റവിഭാഗങ്ങള്‍ക്കും മികച്ച പ്രാതിനിധ്യം കൊടുത്തുകൊണ്ടുള്ള മന്ത്രിസഭയ്ക്ക് പുറത്തുനിന്നു കാണുന്ന ഭംഗിയേയുള്ളു. ആഭ്യന്തരപ്രശ്നങ്ങള്‍ ഒട്ടേറെയാണ്‌. അമിതമായ വിലക്കയറ്റം സാധാരണക്കാരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇന്ധനവില കൂടുന്നുണ്ട്. വീടുകളുടെ വില കുതിച്ചുകയറുന്നു. ജനക്ഷേമപദ്ധതികള്‍ ദുരുപയോഗം ചെയ്തതിനാല്‍ അതിന്‍റെ ഭാരം താങ്ങാന്‍ സര്‍ക്കാരിനു കഴിയാതെവരുന്നു. വ്യവസായങ്ങള്‍ പലതും കാനഡവിട്ടു അമേരിക്കയിലേയ്ക്കു പോയിക്കഴിഞ്ഞു.

ഇതിനിടയില്‍, ഇതൊക്കെ മറയ്ക്കാനുള്ള കണ്‍‌കെട്ടുവിദ്യകളുടെ രഹസ്യങ്ങള്‍ പുറത്തറിഞ്ഞുതുടങ്ങി. കനേഡിയന്‍ ജനത സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ കൈകടത്താത്തതിനാല്‍ ഉന്നതനിരയിലെ അഴിമതിവിവരങ്ങള്‍ വളരെ അപൂര്‍‌വ്വമായേ പുറത്തുവരുന്നുള്ളൂ.  പക്ഷേ, കാനഡയിലെ പ്രതിപക്ഷമായ കണ്‍സേര്‍‌വെറ്റീവ് പാര്‍ട്ടിയും അവരുടെ നേതാവായ പിയേര്‍ പോലിയാവ്രും (Pierre Poilievre)  ട്രൂഡോ മന്ത്രിസഭയുടെ എല്ലാ നീക്കങ്ങളേയും ശക്തമായ രീതിയില്‍ പ്രതിരോധിക്കുന്നുണ്ട്.

ചൈനയുമായുള്ള പ്രശ്നം

ചൈനയുമായി വളരെ മുമ്പേ തന്നെ കാനഡ നയതന്ത്രയുദ്ധത്തിലാണ്‌. കനേഡിയന്‍ ആഭ്യന്തരകാര്യങ്ങളില്‍ ചൈനീസ് രഹസ്യാന്വേഷണവിഭാഗം ഇടപെടുന്നുണ്ടെന്ന് കാനഡ നിരന്തരമായി ആരോപിക്കുന്നുണ്ട്. ചൈനീസ് ടെലികോം കമ്പനിയായ  ഹ്വാവേ (Huawei) ഡെപ്യൂട്ടി ചെയര്‍ പേഴ്സണും ചീഫ് ഫിനാന്‍സ് ഓഫീസറുമായ മെങ് വങ്‌ചോ (Meng Wanzhou)  2018 ഡിസംബര്‍ 1 നു വാന്‍കൂവറില്‍ അറസ്റ്റിലാവുന്നതോടെ പ്രശ്നങ്ങള്‍ മൂര്‍ദ്ധന്യത്തിലെത്തി. അമേരിക്കയുടെ ഒരു പരാതിയിന്മേലായിരുന്നു അവരുടെ അറസ്റ്റ്. അമേരിക്ക ഇറാന്‍റെ മേല്‍ ചുമത്തിയ നിരോധനങ്ങളെ മറികടക്കാന്‍ ഗൂഢാലോചന നടത്തി, തട്ടിപ്പുനടത്തി എന്നതായിരുന്നു അവരുടെ പേരിലുള്ള കുറ്റം. ഇതിനു പകരമായി അതിനടുത്ത ദിവസം തന്നെ കൈയില്‍ കിട്ടിയ ‘രണ്ടു മൈക്കല്‍മാരെ’ (Michael Spavor & Michael Kovrig)  ചൈനയും പിടിച്ചു തടവിലാക്കി. പരിധി കടന്നാല്‍ നിഷ്ക്കളങ്കരായ സാധാരണപൗരരെപ്പോലും തടവിലിട്ട് പ്രതികാരം ചെയ്യും എന്നാണ്‌ ചൈന അന്നു ലോകത്തോടു പറഞ്ഞത്. ആയിരത്തിലധികം ദിനങ്ങള്‍ കടന്നാണ്‌ രണ്ടു രാജ്യങ്ങളിലേയും തടവുകാര്‍ക്ക് മോചനമായത്. കാനഡയിലെ ചില പ്രധാനവ്യക്തികളുടെ നീക്കങ്ങള്‍ ഇപ്പോഴും ചൈന രഹസ്യമായി പിന്തുടരുന്നുണ്ടെന്ന ആരോപണം ഇപ്പോഴും നിലവിലുണ്ട്.

പൊതുവേ ഉഭയകക്ഷി ബന്ധങ്ങളിലെ ഇത്തരം പ്രശ്നങ്ങള്‍ കാലം ചെല്ലുന്തോറും നേര്‍ത്തു നേര്‍ത്ത് ഇല്ലാതാവാറാണ്‌ പതിവ്‌. അറബ് രാജ്യങ്ങളുടെ ഏറ്റവും വലിയ ശത്രുവായിരുന്ന ഇസ്രയേല്‍ ഇന്നിപ്പോള്‍ സുഹൃദ്‌രാജ്യങ്ങളുടെ പട്ടികയിലേയ്ക്ക് ജ്ഞാനസ്നാനം ചെയ്യപ്പെട്ടുകഴിഞ്ഞു. 2018 ഒക്ടോബര്‍ 2 ന്‌ ഈസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് വാഷിങ്ടന്‍ പോസ്റ്റ് ലേഖകനായിരുന്ന  ജമാല്‍ ഖാഷോഗി കൊലചെയ്യപ്പെട്ടപ്പോള്‍ അമേരിക്ക ശക്തമായി സൗദിഅറേബ്യയ്ക്കെതിരേ പ്രതികരിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പില്‍ സൗദി അറേബ്യയ്‌ക്കെതിരേ നിരോധനങ്ങളേര്‍പ്പെടുത്തുമെന്നു പ്രസംഗിച്ച ജോ ബൈഡനെ കുറച്ചുനാളുകള്‍ക്കു ശേഷം നാം കാണുന്നത് സൗദി രാജാവുമായി ഊര്‍ജ്ജസുരക്ഷിതത്വം ചര്‍ച്ച ചെയ്തു കൈകൊര്‍ത്തിരിക്കുന്നതായാണ്‌. സൗദിയെ പിണക്കി ഒന്നും നേടാനില്ലെന്ന ബോധ്യമാകും ഈ മലക്കം മറിച്ചിലിനു ബൈഡനെ പ്രേരിപ്പിച്ചത്.

ഇറാനില്‍ സര്‍ക്കാര്‍ നേരിട്ടാണ്‌ പലപ്പോഴും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ പരസ്യമായ മനുഷ്യാവകാശലംഘനങ്ങള്‍ നടത്തിയത്. ഭരണകൂടത്തിനെതിരേ നിന്നു ശബ്ദമുയര്‍ത്തിയ സ്ത്രീകള്‍ പോലും വധിക്കപ്പെട്ടു. ആ ഇറാനാണ്‌ 2023 ലെ ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശമിതിയുടെ ആദ്ധ്യക്ഷം വഹിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. അങ്ങനെ അനേകം ഉദാഹരണങ്ങള്‍ നമുക്ക് ചരിത്രത്തില്‍ നിന്നു കണ്ടെടുക്കാനാകും.

ഖലിസ്താനികളും കാനഡയും

ആഭ്യന്തരകാലാവസ്ഥ പതികൂലമായിരിക്കുന്ന ഇക്കാലത്ത് കാനഡയ്ക്ക് ഇന്‍ഡ്യയുടെ ആവശ്യമുണ്ട്. അതേസമയം, ഇന്‍ഡ്യയ്ക്ക് കാനഡ അത്ര അത്യന്താപേക്ഷിതമായ ഒരു സഖ്യമൊന്നുമല്ല. വികസ്വരരാജ്യങ്ങളില്‍ ആഭ്യന്തരകലഹങ്ങളുണ്ടാക്കാന്‍ കിണഞ്ഞുപരിശ്രമിക്കുന്ന തീവ്രവാദശക്തികളെ ഒരുമിച്ച് എതിര്‍ക്കേണ്ടത് കാലത്തിന്‍റെ ആവശ്യമാണ്‌. അതിലൊന്നാണ്‌ കാനഡയില്‍ വേരുകളുള്ള ഖലിസ്താന്‍ വാദം.

ഖാലിസ്ഥാന്‍ തീവ്രവാദം ഇന്‍ഡ്യയില്‍ കൊടുമ്പിരിക്കൊണ്ടു നില്‍ക്കുന്ന കാലത്ത്, വളരെ സുഗമമെന്നോണം കാനഡയില്‍ ഇന്‍ഡ്യയ്‌ക്കെതിരേ അവര്‍ ഗൂഢാലോചനകള്‍ നടത്തുന്നുണ്ടായിരുന്നു. തല്‍ഫലമായി 1985 ജൂണ്‍ 23 ന്‌ എയര്‍ ഇന്‍ഡ്യയുടെ  ഫ്ലൈറ്റ് 182 ല്‍ ബോംബ് വച്ചു. പടിഞ്ഞാറന്‍ നഗരമായ വാന്‍കൂവറില്‍നിന്നു ബോംബ് വച്ച ബാഗേജ് കയറ്റി, ടൊറോന്‍റൊയില്‍ നിന്നും മോണ്‍‌ട്രിയലില്‍ നിന്നും യാത്രക്കാരെയും കയറ്റിയ വിമാനം ആറുമണിക്കൂര്‍ പറന്നതിനുശേഷം അറ്റ്ലാന്‍റിക് സമുദ്രത്തില്‍ തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന 329 പേരും മരിച്ചു. 15 വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ ബ്രിട്ടീഷ് കൊളം‌ബിയ പ്രവിശ്യയില്‍ നിന്നു റിപുദമാന്‍ സിങ് മാലിക്, അജൈബ് സിങ് ബാഗ്രി എന്നീ രണ്ടു സിക്കുകാരെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടെങ്കിലും 2005 ല്‍ നിരന്തരമായ നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ അവര്‍ കുറ്റവിമുക്തരായി ജയിലില്‍നിന്നിറങ്ങി. ഇതിനെത്തുടര്‍ന്നും രഹസ്യമായി ഖാലിസ്ഥാന്‍ വാദികള്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരുന്നു.

ഇപ്പോഴും സിക്ക് ഭൂരിപക്ഷപ്രദേശങ്ങളില്‍ മറ്റുള്ളവരുമായുള്ള ഏറ്റുമുട്ടലുകള്‍ നടക്കാറുണ്ട്. ഭൂരിപക്ഷം ഇന്‍ഡ്യന്‍ വംശജരും  ഈ തീവ്രവാദപ്രസ്ഥാനത്തിനെതിരാണെങ്കിലും സിക്ക് ഭൂരിപക്ഷപ്രദേശങ്ങളില്‍ പ്രശ്നങ്ങളൊഴിവാക്കാന്‍ അവര്‍ നിഷ്പക്ഷരായി നിലകൊള്ളാറാണു പതിവ്.

ഇന്‍ഡ്യയെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന ഈ വിഘടനവാദത്തെ കനേഡിയന്‍ സര്‍ക്കാര്‍ കണ്ണടച്ചു പ്രോത്സാഹിപ്പിക്കുന്നതു ഭാവിയിലേയ്ക്കുള്ള ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കലാവും. കാനഡയുടെ ഫ്രഞ്ച് ഭൂരിപക്ഷമുള്ള ക്യുബെക്ക് പ്രവിശ്യയില്‍ ഉടലെടുത്ത ഫ്രഞ്ച് ക്യുബെക്വാ പാര്‍ട്ടി (Parti Quebecois) കാനഡ സര്‍ക്കാരിനു താല്‍ക്കാലികമായി ശമിച്ചു നില്‍ക്കുന്ന ഒരു തലവേദനയാണ്‌. സിക്ക് ജനതയുടെ ജനസംഖ്യ വര്‍ദ്ധിക്കുന്നതുവഴി, ഒരു ന്യൂനപക്ഷമേ അതിലുള്ളെങ്കില്‍ക്കൂടി, മറ്റൊരു വിഘടനവാദത്തിനു ഭാവിയില്‍ വഴി തെളിയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അത് മറന്നുകൊണ്ട് താല്‍ക്കാലിക ലാഭത്തിനു വേണ്ടി ഭരണകക്ഷിയായ ലിബറലുകള്‍ അവരുടെ സഖ്യകക്ഷിയായ നവജനാധിപത്യകക്ഷിയുടെ മൗനാനുവാദത്തോടെ നടത്തുന്ന ഇന്‍ഡ്യാവിരുദ്ധനീക്കങ്ങള്‍ ഭാവിയില്‍ കാനഡയ്ക്ക് കനത്ത തിരിച്ചടികളൂണ്ടാക്കുമെന്നതില്‍ സംശയമില്ല