പാർശ്വഫലങ്ങൾ: അസ്ട്രാസെനക്ക വാക്സിൻ നിർത്തലാക്കി കൂടുതൽ രാജ്യങ്ങൾ

1

ജെനീവ: പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് കൂടുതൽ രാജ്യങ്ങൾ ആസ്ട്രസെനക വാക്സിൻ വിതരണം നിർത്തിവെച്ചതായി റിപ്പോർട്ട്. വാക്സിൻ സ്വീകരിച്ച ചിലരിൽ രക്തം കട്ട പിടിക്കുന്ന അപൂർവ്വ രോഗാവസ്ഥ കണ്ടെത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് ഇറ്റലി, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ആസ്ട്രസെനക വാക്സിനേഷൻ താത്കാലികമായി നിർത്തി വെച്ചത്.

എന്നാൽ, വാക്സിൻ സുരക്ഷിതമാണെന്നും രാജ്യങ്ങൾ ആസ്ട്രസെനക വാക്സിൻ ഉപയോഗിക്കുന്നത് തുടരണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. വാക്സിൻ സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യാൻ യോഗം വിളിച്ചിട്ടുണ്ടെന്നും സംഘടനയുടെ ഔദ്യോഗിക വക്താവ് പ്രതികരിച്ചു.

നേരത്തെ അയർലന്റ്, ഡെൻമാർക്, ഐസ്‌ലാൻഡ് , നോർവെ എന്നീ രാജ്യങ്ങളും ആസ്ട്രസെനക വാക്സിൻ നൽകുന്നത് നിർത്തിയിരുന്നു. നോർവീജിയൻ മെഡിസിൻ ഏജൻസി പുറത്തുവിട്ട പഠനത്തിൽ വാക്സിൻ എടുത്ത നിരവധി പേർക്ക് രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് സുരക്ഷ മുൻനിർത്തിയായിരുന്നു അയർലൻഡിന്റെ നടപടി.

ആസ്ട്രസെനക വാക്സിൻ സ്വീകരിച്ച മൂന്ന് ആരോഗ്യപ്രവർത്തകർക്കാണ് നോർവേയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയത്. ഓസ്ട്രിയയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ സംഭവങ്ങളും വാക്സിനുമായി ബന്ധമില്ലെന്നാണ് മരുന്ന് കമ്പനി അധികൃതരുടെ പ്രതികരണം.