സ്വപ്‌ന സുരേഷും സന്ദീപും എന്‍ഐഎയുടെ പിടിയില്‍; കുരുക്കായത് മകളുടെ ഫോൺ

0

ബെംഗളൂരു: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും എന്‍ഐഎ കസ്റ്റഡിയില്‍. ബംഗളൂരുവില്‍ വെച്ചാണ് അറസ്റ്റ് നടന്നത്. ഇരുവരെയും ബെംഗളൂരുവില്‍നിന്ന് കേരളത്തിലേയ്ക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. രാവിലെയോടെ ഇവരെ കൊച്ചിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. വൈകിട്ട് ഏഴു മണിയോടെയാണ് ബെംഗളൂരുവിലെ ഹോട്ടലിൽ എൻഐഎ ബെംഗളൂരു യൂണിറ്റിലെ ഉദ്യോഗസ്ഥർ ഇവരെ പിടികൂടുന്നത്.

ബെംഗളൂരു പോലീസിന്റെയും മധുരയിലെ കസ്റ്റംസ് ഡിവിഷന്റെയും സഹായത്തോടെയാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്ത്. ഇന്നലെ വൈകിട്ടോടെ ഇരുവരുമുള്ള സ്ഥലം അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയും വെവ്വെറെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ബെംഗളൂരുവിൽ നിന്നു പുറപ്പെടുന്ന എൻഐഎ സംഘം പ്രതികളെ ഞായറാഴ്ച രാവിലെ തന്നെ കൊച്ചിയിൽ എത്തിക്കുമെന്നാണ് അറിയുന്നത്. നടപടിക്രമങ്ങൾ വൈകിയാൽ സുരക്ഷാ വിഷയം മുൻനിർത്തി യാത്ര ഞായറാഴ്ചത്തേക്കു മാറ്റിവയ്ക്കാനും ഇടയുണ്ട്. രാജ്യാന്തര ഭീകര സംഘടനകളുമായുള്ള ബന്ധം കൂടി പരിശോധിക്കുന്നതിനാൽ പ്രതികളുടെ സുരക്ഷ ഗൗരവമായാണ് ഏജൻസി കാണുന്നത്. അങ്ങനെ വന്നാൽ ഞായറാഴ്ച ബാംഗ്ലൂർ എൻഐഎ കോടതിയിൽ ഹാജരാക്കിയ ശേഷമായിരിക്കും ഇവരെ കൊച്ചിയിലേയ്ക്ക് കൊണ്ടുവരിക.