ഗൂഗിൾ ഇനി പ്രളയവും പ്രവചിക്കും…!

0

പ്രളയം പ്രവചിക്കാനുള്ള സംവിധാനവുമായി ഗൂഗിള്‍. കഴിഞ്ഞ വർഷം ഇന്ത്യയിലുള്ള മിക്ക സംസ്ഥാനങ്ങളെയും പാടെ തകർത്ത ഒന്നായിരുന്നു പ്രളയം. പ്രളയം മൂലം കനത്ത മഴയും കാറ്റും വെള്ളപ്പൊക്കവും വിതച്ച നാശത്തിൽ നിന്നും അതിന്റെ ഭീതിയിൽ നിന്നും നാം ഇന്ന് പൂർണ്ണമായി കരകേറിയിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രളയം മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്ന സംവിധാനം ഒരുക്കുകയാണ് ഗൂഗിള്‍.ഇതിനായി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിനെയാണ് ഗൂഗിള്‍ ആശ്രയിക്കാനൊരുങ്ങുന്നത്. മണ്‍സൂണ്‍ അടുക്കുന്ന സാഹചര്യത്തിലാണ് ഗൂഗിള്‍ ഉപഭോക്താക്കള്‍ക്കായി പ്രളയം പ്രവചിക്കാനുള്ള സംവിധാനമൊരുക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്‍ഗരിതത്തിന്റെ സഹായത്തോടെ പ്രളയം ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലകളും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലങ്ങളും തിരിച്ചറിയുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.ഗൂഗിളിന്റെ ഈ ഉദ്യമം മഴ അധികം ലഭിക്കുന്ന രാജ്യങ്ങള്‍ക്ക് വളരെ ഗുണകരമാകുമെന്നാണ് കരുതുന്നത്.

ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫോര്‍ സോഷ്യല്‍ ഗുഡ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ സംവിധാനം വികസിപ്പിക്കുന്നത്. കേന്ദ്ര ജല കമ്മീഷനുമായി സഹകരിച്ചൊരുക്കുന്ന സംവിധാനം ഇന്ത്യയില്‍ പട്‌നയിലായിരിക്കും ആദ്യം അവതരിപ്പിക്കുക. അതിനു ശേഷം കൂടുതൽ മഴ ലഭിക്കുന്ന സംസ്ഥാനങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും. മുന്‍ വര്‍ഷങ്ങളില്‍ രാജ്യത്തുണ്ടായ പ്രളയങ്ങളും അനുബന്ധ സംഭവങ്ങള്‍, ജാഗ്രതാ നിര്‍ദേശങ്ങള്‍, മഴയുടെ അളവ് തുടങ്ങിയ വിവരങ്ങള്‍ കമ്മീഷന്‍ ഗൂഗിളിന് കൈമാറും. ഗൂഗിളിന്റെ കണക്കുപ്രകാരം ലോകത്തെ പ്രളയ ദുരന്തങ്ങളിലെ 20 ശതമാനവും ഇന്ത്യയിലാണെന്നാണ്.