സംസ്ഥാനത്ത് 105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; 11 ജില്ലകളിൽ യെല്ലോ അലർട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് 105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ 11 ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മലപ്പള്ളിയിൽ കുടുങ്ങി കിടക്കുന്ന ആൾകാരെ എയർ ലിഫിറ്റിംഗ് വഴി രക്ഷപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എയർഫോഴ്സിന്റെ ഹെലികോപ്റ്റർ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും. കണ്ണമ്മൂല തോടിൽ ഇന്നലെ കാണാതായ അതിഥി തൊഴിലാളിക്കുവേണ്ടി തെരച്ചിൽ ഊർജിതമാക്കിയെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.

കേരളത്തിലുടനീളം ​ഇന്ന് (ഒക്ടോബർ 17 )വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അറബിക്കടലിൽ ലക്ഷദീപിന് സമീപം രൂപം കൊണ്ട ന്യൂനമർദ്ദം നിലവിൽ ശക്തി കുറഞ്ഞു. എങ്കിലും വൈകുന്നേരം വരെ മഴ തുടരാൻ സാധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ രാവിലെ 10 മണിക്ക് പുറപ്പെടിവിച്ച മുന്നറിയിപ്പ് പ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.