അച്ഛനായ സന്തോഷം പങ്കുവച്ച് നടൻ സിജു വില്‍സണ്‍

0

അച്ഛനായ സന്തോഷം പങ്കുവച്ച് നടൻ സിജു വില്‍സണ്‍. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് സിജു സന്തോഷ വാർത്ത പങ്കുവെച്ചത്. മലയാളത്തിലെ യുവ നടൻമാരില്‍ ശ്രദ്ധേയനായ താരമാണ് സിജു വില്‍സണ്‍. ചെറിയ വേഷങ്ങളിലൂടെ തുടങ്ങി പിന്നീട് നായകനിരയിലേക്ക് ഉയര്‍ന്ന സിജുവിനെ തേടി നിരവധി പുതിയ സിനിമകളാണ് എത്തിയിട്ടുള്ളത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സിജു ഇടയ്ക്കിടയ്ക്ക് സിനിമാ വിശേഷങ്ങൾക്ക് ഒപ്പം തന്നെ കുടുംബവിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഭാര്യ ശ്രുതിക്കൊപ്പം കയ്യിൽ പിങ്ക് നിറത്തിലെ ബലൂൺ പിടിച്ചുകൊണ്ടുള്ള ചിത്രം പങ്കുവച്ചാണ് അച്ഛനായതിന്റെ സന്തോഷവാർത്ത സിജു ആരാധകരോട് പങ്കുവെച്ചത്.

“ഞങ്ങൾക്ക് ഇന്നലെ മെയ്‌ 17ന് കാറ്റും പേമാരിയുടെയും കൂടെ മുംബൈയിൽ വച്ചു ഒരു പെൺകുഞ്ഞു ജനിച്ചു. പ്രകൃതിക്കു നന്ദി”, എന്നും സിജു സോഷ്യൽമീഡിയയിൽ കുറിച്ചു.

2017 ൽ ക്രിസ്ത്യൻ–ഹിന്ദു മതാചാര പ്രകാരമായിരുന്നു സിജുവും ശ്രുതിയും വിവാഹിതരായത്.

നടൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ വ്യക്തിയാണ് സിജു. നേരം, പ്രേമം, ഹാപ്പി വെഡ്ഡിംഗ്, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദി, നീയും ഞാനും, മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ അഭിനയമാണ് സിജു കാഴ്ച വച്ചത്.

വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ചരിത്രസിനിമയിലെ നായകകഥാപാത്രത്തെ അവതരിപ്പിക്കുകയാണ് സിജു ഇപ്പോൾ.