യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഡിസംബര്‍ 31 വരെ നിര്‍ത്തിവെച്ചു

0

ന്യൂഡൽഹി: അതിവേഗം വൈറസ് രോഗം പകരുന്ന യു.കെയിലേക്കുള‌ള വ്യോമയാന ഗതാഗതത്തിന് തൽക്കാലം വിലക്കേർപ്പെടുത്തി ഇന്ത്യ.ട്രാൻസി‌റ്റ് വിമാനങ്ങൾക്കും വിലക്കുണ്ട്. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.

മുന്‍കരുതലുകളുടെ ഭാഗമായി ചൊവ്വാഴ്ച അര്‍ദ്ധ രാത്രിക്ക് മുമ്പായി യുകെയില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളങ്ങളിലെത്തുമ്പോള്‍ നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. യുകെ വഴി വരുന്ന വിമാന യാത്രികര്‍ക്കും പരിശോധന നിര്‍ബന്ധമാണ്.

പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള എല്ലാ നടപടികളും കേന്ദ്രം സ്വീകരിച്ചിട്ടുണ്ടെന്നും അനാവശ്യമായി ഭയപ്പെടേണ്ട ആവശ്യമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. വൈറസ് വ്യാപനം നിയന്ത്രണാതീതമാണെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ബ്രിട്ടനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു.

ബ്രിട്ടനില്‍ അതിവേഗം പടരുന്ന പുതിയ വൈറസ് ഉണ്ടെന്ന് കഴിഞ്ഞദിവസമാണ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ക്രിസ് വിറ്റി സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും അറിയിച്ചിരുന്നു. 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് പുതിയ വൈറസെന്നാണ് റിപ്പോർട്ട്. അയര്‍ലാന്‍ഡ്, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം എന്നിവയെല്ലാം വിമാനങ്ങള്‍ നിര്‍ത്തിവവെച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.