ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റ് രാജ്യത്തിന്‍റെ ആഭ്യന്തര കാര്യമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജർമനിയോടു വ്യക്തമാക്കി. അറസ്റ്റിൽ ജർമനി അഭിപ്രായം പറയുന്നത് ഇന്ത്യൻ ജുഡീഷ്യൽ പ്രക്രിയയിലെ ഇടപെടലാണെന്നും ഇന്ത്യ ഓർമിപ്പിച്ചു. ജർമൻ എംബസിയിലെ പ്രതിനിധി ജോർജ് എൻസ്‌വീലറെ വിദേശകാര്യ മന്ത്രാലയത്തിലേക്കു വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും അടിസ്ഥാന ജനാധിപത്യ തത്വങ്ങളും കെജ്‌രിവാളിന്‍റെ കേസിൽ പ്രയോഗിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി സെബാസ്റ്റ്യൻ ഫിഷർ പറഞ്ഞിരുന്നു. “ആരോപണങ്ങൾ നേരിടുന്ന ഏതൊരാളെ പോലെയും കെജ്‌രിവാളിനും ന്യായവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അർഹതയുണ്ടെന്നും ഫിഷർ പറഞ്ഞു.

പരാമർശം ഇന്ത്യയുടെ ജുഡീഷ്യൽ പ്രക്രിയയിലെ ഇടപെടലും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനു നേർക്കുള്ള കടന്നുകയറ്റവുമാണെന്നു വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

ലോകത്തിലെ എല്ലാ ജനാധിപത്യ രാജ്യങ്ങളിലേതും പോലെ ഇവിടെയും നിയമം അതിന്‍റേതായ വഴി സ്വീകരിക്കുമെന്നും ജയ്സ്വാൾ വ്യക്തമാക്കി.