കിവികളെയും കീഴടക്കി ഇന്ത്യ, ഷമി പ്ലെയർ ഓഫ് ദ മാച്ച്

0

ധർമശാല: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് തുടർച്ചയായ അഞ്ചാം വിജയം. ധർമശാലയിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെ നാല് വിക്കറ്റിനാണ് ആതിഥേയർ കീഴടക്കിയത്. ജയിക്കാൻ 274 റൺസെടുക്കേണ്ടിയിരുന്ന ഇന്ത്യ, 48 ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. വിരാട് കോഹ്‌ലി ഒരിക്കൽക്കൂടി ചെയ്‌സ് മാസ്റ്റർ എന്ന വിശേഷണം അന്വർഥമാക്കി. 104 പന്ത് നേരിട്ട കോഹ്‌ലി എട്ടു ഫോറും രണ്ടു സിക്സും സഹിതം 95 റൺസെടുത്ത് പുറത്തായി.

നേരത്തെ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഫീൽഡിങ്ങാണ് തെരഞ്ഞെടുത്തത്. പരുക്കേറ്റ ഹാർദിക് പാണ്ഡ്യക്കു പകരം സൂര്യകുമാർ യാദവ് ടീമിലെത്തി. എന്നാൽ, ശാർദൂൽ ഠാക്കൂറിനു പകരം കളിച്ച മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് വമ്പൻ സ്കോറിലേക്കു നീങ്ങുകയായിരുന്ന കിവികളെ പിടിച്ചുനിർത്തിയത്. ഷമി തന്നെയാണ് മാൻ ഓഫ് ദ മാച്ച്.

ഡാരിൽ മിച്ചലിന്‍റെ സെഞ്ചുറി (127 പന്തിൽ 130) മികവിൽ ന്യൂസിലൻഡ് 50 ഓവറിൽ 273 റൺസ് വരെയെത്തി. ഇന്നിങ്സിലെ അവസാന പന്തിൽ അവസാന വിക്കറ്റും വീണു. രചിൻ രവീന്ദ്ര അർധ സെഞ്ചുറി (75) നേടി.

മുഹമ്മദ് ഷമി 10 ഓവറിൽ 54 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. നേരത്തെ, 19 റൺസെടുക്കുന്നതിനിടെ ഡെവൺ കോൺവെയെയും (0) വിൽ യങ്ങിനെയും (17) നഷ്ടമായ ന്യൂസിലൻഡിനെ രചിൻ രവീന്ദ്രയും ഡാരിൽ മിച്ചലും ചേർന്നാണ് കരകയറ്റിയത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 159 റൺസ് ഇവർ കൂട്ടിച്ചേർത്തു. എന്നാൽ, പിന്നീടെത്തിയവരിൽ ഗ്ലെൻ ഫിലിപ്സ് (23) ഒഴികെ ആർക്കും രണ്ടക്ക സ്കോറിൽ പോലും എത്താനായില്ല.

ഇന്ത്യക്കായി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് നേടിയപ്പോൾ കുൽദീപ് യാദവിന് രണ്ടു വിക്കറ്റ്.

മറുപടി ബാറ്റിങ്ങിൽ രോഹിത്തും ശുഭ്‌മൻ ഗില്ലും ചേർന്ന് ഇന്ത്യക്ക് ഒരിക്കൽക്കൂടി വെടിക്കെട്ട് തുടക്കം നൽകി. 11.1 ഓവറിൽ ടീം സ്കോർ 71 റൺസിലെത്തിയപ്പോഴാണ് രോഹിത് പുറത്താകുന്നത്. 40 പന്തിൽ നാല് ഫോറും നാല് സിക്സും സഹിതം 46 റൺസായിരുന്നു സമ്പാദ്യം.

പിന്നാലെ, ഗില്ലും (26) ശ്രേയസ് അയ്യരും (33) കെ.എൽ. രാഹുലും (27) മികച്ച തുടക്കം വലിയ സ്കോറിലെത്തിക്കാനാവാതെ പുറത്തായി. രണ്ടു റൺസെടുത്ത സൂര്യകുമാർ യാദവ് റണ്ണൗട്ടായി.

എന്നാൽ, ഒരു വശത്ത് ഉറച്ചു നിൽക്കുകയായിരുന്ന കോഹ്‌ലിക്ക് ഏഴാം നമ്പറിലിറങ്ങിയ രവീന്ദ്ര ജഡേജ മികച്ച പങ്കാളിയായി. 44 പന്തിൽ 39 റൺസെടുത്ത ജഡേജ പുറത്താകാതെ നിന്നു.

ഇടയ്ക്ക് മൂടൽമഞ്ഞ് കാരണം മത്സരം തടസപ്പെടുകയും ചെയ്തിരുന്നു. ആദ്യം ഫ്ളഡ് ലൈറ്റ് മൂടിയ മഞ്ഞ് പെട്ടെന്നു തന്നെ ഗ്രൗണ്ടിലും വ്യാപിക്കുകയായിരുന്നു. ഹിമാചൽ പ്രദേശിലെ ധർമശാലയിൽ മൂടൽ മഞ്ഞ് നീങ്ങിയ ശേഷം മത്സരം പുനരാരംഭിക്കുകയായിരുന്നു.