തോല്‍വിക്ക് പിന്നാലെ സഞ്ജുവിന് പിഴശിക്ഷയും

0

ജയ്പുര്‍: മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജുവിന് 12 ലക്ഷം രൂപ പിഴ. നേരത്തെ ഋഷഭ് പന്തിന് രണ്ടു തവണ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ പിഴ ചുമത്തിയരുന്നു. ഇതാദ്യമായാണ് കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ രാജസ്ഥാന്‍ റോയല്‍സിനും സഞ്ജുവിനും പിഴശിക്ഷ ലഭിക്കുന്നത്.

ആദ്യ തവണയാതിനാലാണ് പിഴശിക്ഷ 12 ലക്ഷമായി പരിമിതപ്പെടുത്തിയത്. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ നിശ്ചിത സമയത്ത് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഒരോവര്‍ കുറച്ചാണ് രാജസ്ഥാന്‍ എറിഞ്ഞിരുന്നത്. കുല്‍ദീപ് സെന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ട് വൈഡുകളും ഒരു നോ ബോളും എറിഞ്ഞതോടെ ഒമ്പത് പന്ത് എറിയേണ്ടിവന്നു.

എന്നാല്‍ നിശ്ചിത സമയം തീരുന്നതിന് മുമ്പ് അവസാന ഓവര്‍ തുടങ്ങിയിരുന്നെങ്കില്‍ സഞ്ജുവിന് പിഴ ശിക്ഷ ലഭിക്കില്ലായിരുന്നു. നിശ്ചിത സമയത്ത് ഓവര്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ അവസാന ഓവറില്‍ നാല് ഫീല്‍ഡര്‍മാരെ മാത്രമെ രാജസ്ഥാന് ബൗണ്ടറിയില്‍ നിയോഗിക്കാന്‍ കഴിഞ്ഞുള്ളൂ.