ശരിയായ സമയത്ത് കേന്ദ്രം ഇടപെട്ടിരുന്നെങ്കില്‍ മണിപ്പുരില്‍ ഇത് സംഭവിക്കുമായിരുന്നില്ല- ഇറോം ശര്‍മിള

0

ബെംഗളൂരു: മണിപ്പുരില്‍ രണ്ടു യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി മനുഷ്യാവകാശപ്രവര്‍ത്തക ഇറോം ശര്‍മിള. പ്രതികളെ പരോളില്ലാത്ത ജീവപര്യന്തം തടവിന് ശിക്ഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മണിപ്പുരില്‍നടക്കുന്ന സംഭവങ്ങളില്‍ അതീവദുഃഖവും ഖേദവും തോന്നുന്നു. കേന്ദ്രം ശരിയായ സമയത്ത്ഇടപെട്ടിരുന്നെങ്കില്‍ മണിപ്പുരില്‍ ഇത്തരം സംഭവം ഉണ്ടാവുമായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

‘സംഭവം അറിഞ്ഞപ്പോള്‍ മരവിപ്പും അസ്വസ്ഥതയുമാണ് ഉണ്ടായത്. ഇത് ഏതെങ്കിലും വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല, മനുഷ്യത്വരഹിതമായ നടപടിയാണ്’, അവര്‍ പറഞ്ഞു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ താന്‍ തകര്‍ന്നുപോയെന്ന് നേരത്തെ അവര്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ എഴുതിയിരുന്നു. സംഭവത്തിലെ മനുഷ്യത്വമില്ലായ്മയെ ന്യായീകരിക്കാന്‍ ഒന്നിനും കഴിയില്ല. ഇപ്പോള്‍ ആ വാര്‍ത്ത കേള്‍ക്കുമ്പോള്‍ എനിക്ക് നിസ്സഹായത തോന്നുന്നു. മറ്റുള്ളവരെ അപമാനിക്കുന്നതിലൂടെയും ലൈംഗികമായി ആക്രമിക്കുന്നതിലൂടെയും കുറ്റവാളികള്‍ എന്താണ് നേടാന്‍ ശ്രമിക്കുന്നതെന്നും അവര്‍ ലേഖനത്തില്‍ ചോദിച്ചിരുന്നു.