അത്തർ വിൽപ്പനക്കാരന്‍റെ വേഷമിട്ട് റിയാസ് ലക്ഷ്യമിട്ടത് കൊടുങ്ങലൂരിലെ ഒരു പള്ളി തകർക്കാൻ

0

കൊച്ചി: കൊടുങ്ങല്ലൂരിലെ ഒരു പള്ളിയിൽ ചാവേർ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യലിൽ ശ്രീലങ്കൻ ചാവേർ ഭീകരൻ സഹ്‌റാൻ ഹാഷിമിന്‍റെ ആശയ പ്രചാരകനായിരുന്ന റിയാസ് അബൂബക്കർ വെളിപ്പെടുത്തി. അത്തറും തൊപ്പിയും വിൽക്കുന്ന വേഷത്തിൽ ഏതാനും മാസങ്ങളായി​ റിയാസ് കൊച്ചി കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം നടത്തിയിരുന്നത്. കൊടുങ്ങല്ലൂരിലെ പള്ളിയിലും കൊച്ചിയിലും കേരളത്തിൽ പലയിടത്തും ചാവേർ ആക്രമണം നടത്താനായി സ്‌ഫോടക വസ്‌തുക്കൾ ശേഖരിക്കാനുള്ള ആലോചനയിലായിരുന്നുവെന്ന് എൻ.ഐ.എ ഐ.ജി അലോക് മിത്തൽ നേരിട്ട് അന്വേഷിക്കുന്ന ചോദ്യം ചെയ്യലിൽ പാലക്കാട് കൊല്ലംകോട് സ്വദേശിയായ റിയാസ് വെളിപ്പെടുത്തി.

ലങ്കൻ സ‌്ഫോടനത്തിന്‍റെ സൂത്രധാരൻ സഹ്രാൻ ഹാഷിം, വിവാദ മത പ്രചാരകൻ സാക്കീർ നായ‌ിക‌് എന്നിവരുടെ പ്രസംഗങ്ങളും ആശയങ്ങളും റിയാസ‌് നിരന്തരം ശ്രദ്ധിക്കുകയും പ്രചരിപ്പിക്കുകയും ചെയ‌്തതോടെയാണ് എൻ.ഐ.എ റിയാസിനെ നിരീക്ഷിക്കാൻ തുടങ്ങിയത്.

ഐസിസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്‌ത കാസർകോട് സ്വദേശി അബ്‌ദുൾ റാഷിദ്, അഷ്ഫാക് മജീദ്, അബ്‌ദുൾ ഖയൂം എന്നിവരാണ് റിയാസിന് ചാവേറാകാനുള്ള പ്രചോദനം നൽകിയത്. സിറിയയിൽ കഴിയുന്ന ഇവരുമായും നിരന്തരം റിയാസ് ബന്ധപ്പെട്ടിരുന്നു. കേരളത്തിൽ സ്‌ഫോടനം നടത്താനുള്ള ദൗത്യമാണ് അവർ ഏൽപ്പിച്ചത്. ഓരോ ഘട്ടത്തിലും ചെയ്യേണ്ട കാര്യങ്ങൾ നിർദ്ദേശിച്ചു. എന്നാൽ, ഭീകരർക്ക് സ്‌ഫോടക വസ്‌തുക്കൾ എത്തിച്ചുകൊടുക്കാനായില്ല. ഭീകരർക്ക് ഇ‌‌ടയി​ലുള്ള ചി​ല ഭിന്നതകളാണ്‌ റി​യാസി​ന്‍റെ ഭീകരദൗത്യത്തി​ന് ത‌‌ടസമായത്​. ഇതോടെ സ്വയം സ്‌ഫോടക വസ്‌തുക്കൾ ശേഖരിക്കാനുള്ള ആലോചന റിയാസ് തുടങ്ങി.

2015 മുതൽ കേരളത്തിൽ നിന്ന് യുവാക്കളെ ഐഎസ്സിൽ ചേർത്തെന്ന കേസിൽ പ്രതി ചേർത്താണ് റിയാസിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊച്ചിയിലെ എൻ.ഐ.എ കോടതി റിയാസിനെ അടുത്ത 30 വരെ ജുഡിഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്‌തു. കൂടുതൽ ചോദ്യം ചെയ്യലിനായി വിട്ടുകിട്ടണമെന്ന എൻ.ഐ.എയുടെ അപേക്ഷ മേയ് ആറിന് കോടതി പരിഗണിക്കും.

കൊച്ചിയിലെ ഒരു പ്രമുഖ മാളിൽ അത്തർ വിൽപ്പനക്കാരന്‍റെ വേഷത്തിൽ എത്തിയ റിയാസിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തവരെക്കുറിച്ച് ചോദ്യം ചെയ്യലിൽ റിയാസ് വെളിപ്പെടുത്തിയിട്ടില്ല. ഇവരെ കുറിച്ചുള്ള വിവരം ശേഖരിക്കാനുള്ള ശ്രമത്തിലാണ് എൻ.ഐ.എ.