ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയത്തിലേക്ക്

1

നടൻ ജഗതി ശ്രീകുമാർ വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. അപകടത്തിന് ശേഷം 7 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജഗതി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.

തൃശ്ശൂരിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്. ജഗതിയുടെ മകൻ രാജ് കുമാർ ആരംഭിക്കുന്ന പരസ്യ കമ്പനിയായ ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ്‌സ് ചിത്രീകരിക്കുന്ന പരസ്യത്തിലാണ് ജഗതി അഭിനയിക്കുന്നത്.

അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയരംഗത്തേക്കെത്തുന്നത്. അടുത്ത വര്‍ഷത്തോടെ സിനിമയിലും സജീവമാകും.

സിനിമയിലെ സുഹൃത്തുക്കളെ കാണാനും ഇടപഴകാനും സാധിച്ചാല്‍ അച്ഛന്റെ തിരിച്ചുവരവിന് വേഗതകൂടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി രാജ്കുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

പരസ്യ ചിത്രത്തില്‍ ജഗതിക്കൊപ്പം മകന്‍ രാജ്കുമാര്‍, മകള്‍ പാര്‍വതി ഷോണ്‍ മറ്റു കുടുംബാംഗങ്ങളും അഭിനയിക്കുന്നുണ്ട്.


2012 മാര്‍ച്ചില്‍ തേഞ്ഞിപ്പാലത്ത് വച്ച് നടന്ന വാഹനാപകടത്തില്‍ ജഗതി ശ്രീകുമാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് സംസാര ശേഷിയും ചലന ശേഷിയും നഷ്ടപ്പെട്ട അദ്ദേഹം കുറേ വര്‍ഷങ്ങളായി വീല്‍ ചെയറിലാണ്. 2015 ല്‍ പുറത്തിറങ്ങിയ ദി റിപ്പോര്‍ട്ടര്‍ ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.