‘ഈശോ’യായി ജയസൂര്യ; നാദിര്‍ഷ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്

0

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ‘ഈശോ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ നമിതാ പ്രമോദാണ് നായിക. മമ്മൂട്ടിയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിൽ പുറത്തുവിട്ടത്.

മഴ നിറഞ്ഞ അന്തരീക്ഷത്തില്‍ ഒരു വാഹനത്തിന്റെ ഗ്ലാസ് തുറക്കുന്നതും അവിടെ ജയസൂര്യയുടെ മുഖം കാണിക്കുന്നതുമാണ് മോഷന്‍ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈശോ എന്ന ടൈറ്റിലിന് താഴെയായി ബൈബിളില്‍ നിന്നല്ല എന്ന ടാഗ് ലൈനും ഉണ്ട്.

സലിം കുമാറും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഛായാഗ്രഹണം സുജിത് വാസുദേവും പ്രോജക്റ്റ് ഡിസൈനിങ് ബാദുഷയുമാണ് കൈകാര്യം ചെയ്യുക. മേലുകാവ്, മുണ്ടക്കയം എന്നിവടങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

അമർ അക്ബർ അന്തോണി സിനിമയിലെ ടെക്നിക്കൽ ക്രൂ തന്നെയാണ് പുതിയ ചിത്രത്തിന്റെയും പിന്നണിയിൽ പ്രവർത്തിക്കുന്നത്. ഇൗ സിനിമയുടെ തിരക്കഥ എഴുതുന്നത് സുരേഷ് വാര്യനാടാണ്. ചലച്ചിത്ര താരം അരുൺ നാരായണിന്റെ പ്രൊഡക്‌ഷൻ ഹൗസാണ് ചിത്രം നിർമിക്കുന്നത്.