30 സെക്കന്റിൽ വിവിധ ഭാവങ്ങൾ മുഖത്ത് വിടർത്തി ജയസൂര്യ; ‘സണ്ണി’യുടെ ടീസർ പുറത്ത്

0

രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ ജയസൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സണ്ണിയുടെ ടീസർ പുറത്തിറങ്ങി. ടീസറിലെ മുപ്പത് സെക്കൻഡുകൾക്കിടയിൽ സംശയം, ആശങ്ക, പ്രതീക്ഷ, സ്‌നേഹം, സഹതാപം, അനിശ്ചിതത്വം, ദുഖം, വേദന, നിരാശ, ദേഷ്യം തുടങ്ങിയ വിവിധ ഭാവങ്ങൾ താരം മുഖത്ത് വിടർത്തുന്നുണ്ട് എന്നത് തന്നെയാണ് ടീസറിനെ വേറിട്ടതാക്കുന്നത്.

ടീസർ മികച്ച അഭിപ്രായമാണ് നേടുന്നത്. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ,ജയസൂര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം മധു നീലകണ്ഠൻ. സാന്ദ്ര മാധവിന്റെ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം പകരുന്നു. എഡിറ്റർ-സമീർ മുഹമ്മദ്.

ദുബായിൽ നിന്ന് കൊച്ചിയിലേക്ക‌െത്തുന്ന ഒരു സംഗീതജ്ഞന്റെ കഥയാണ് സിനിമ പറയുന്നതെന്ന് രഞ്ജിത് ശങ്കർ പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി കഴിഞ്ഞു. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലാണ് പ്രധാന ലൊക്കേഷൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിന്നു ചിത്രീകരണം.

പുണ്യാളൻ, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി, പ്രേതം 2 എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് ജയസൂര്യ–രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ. ഓരോ സിനിമകളിലും വ്യത്യസ്ത കഥാപാത്രങ്ങളും പുതുമകളുമായി എത്തുന്ന ഇവരുടെ പുതിയ ചിത്രവും ആകാംക്ഷയോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്.