ജസ്‌ന തിരോധാനക്കേസ് അന്വേഷണം സിബിഐക്ക് കൈമാറി

0

കൊച്ചി: ജസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്. ജസ്നയുടെ സഹോദരൻ ജെയ്സ് ജോൺ ജെയിംസ്, നൽകിയ ഹർജിയിലാണ് ജഡ്ജി വി.ജി. അരുണിന്റെ ഉത്തരവ്. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു.

അതേസമയം ജസ്‌ന തിരോധാനക്കേസില്‍ മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നടത്തിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. മറ്റൊരു ഏജന്‍സി കേസ് അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടത്.

ജസ്ന ജീവിച്ചിരിപ്പുണ്ടെന്നും ഇപ്പോൾ എവിടെയാണെന്നു വെളിപ്പെടുത്താനാവില്ലെന്നുമുള്ള നിലപാടിൽ പൊലീസ് ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ മറ്റൊരു ഏജൻസി തന്നെ കേസ് അന്വേഷിക്കണമെന്ന ആവശ്യത്തിൽ ഹർജിക്കാർ ഉറച്ചു നിൽക്കുകയായിരുന്നു.

കേസന്വേഷണം ഏറ്റെടുക്കുന്നതു സംബന്ധിച്ച് സിബിഐയോട് കോടതി അഭിപ്രായം ആരാഞ്ഞിരുന്നു. സംഭവത്തിൽ ബാഹ്യ ഇടപെടൽ സംശയിക്കുന്നതായി സിബിഐക്കു വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറലും(എഎസ്ജിയും) കോടതിയെ അറിയിച്ചു. തുടർന്നാണ് അന്വേഷണം സിബിഐക്കു കൈമാറാൻ നിർദേശിച്ചിരിക്കുന്നത്.