ആദ്യകാല വനിതാ ഫുട്‌ബോള്‍താരവും പരിശീലകയുമായിരുന്ന ഫൗസിയ മാമ്പറ്റ അന്തരിച്ചു

0

കോഴിക്കോട്: കേരളത്തിലെ ആദ്യകാല വനിതാ ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ ഫൗസിയ മാമ്പറ്റ അന്തരിച്ചു(52). ഖബറടക്കം 11:30ന് കോഴിക്കോട് ഈസ്റ്റ് വെള്ളിമാട്കുന്ന് ജുമ മസ്ജിദ് ഖബറിസ്ഥാനിൽ. കാൻസർ ബാധിതയായിരുന്നു.കേരള വനിത ഫുട്ബോള്‍ ടീം മുൻതാരം കൂടിയായ ഫൗസിയ നടക്കാവ് ഗേള്‍സ് ഹൈസ്‌കൂളിലെ പരിശീലകയായിരുന്നു.

ദേശീയ ഗെയിംസ് വനിതാ ഫുട്‌ബോളില്‍ കേരളത്തിന്റെ ഗോള്‍കീപ്പറായിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന അഖിലേന്ത്യാ വനിതാ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ കേരളത്തിന്റെ ഗോള്‍വല കാത്തത് ഫൗസിയയായിരുന്നു. അന്ന് ഫൈനല്‍ മത്സരത്തില്‍ കേരളം 1-0 എന്നനിലയില്‍ തോറ്റെങ്കിലും ഗോള്‍പോസ്റ്റിനുകീഴില്‍ ഫൗസിയ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഫുട്ബോളിന് പുറമെ, ഹാന്‍ഡ്‌ബോള്‍, ഹോക്കി, വോളിബോള്‍ തുടങ്ങിയ ഇനങ്ങളിലും ഫൗസിയ മാമ്പറ്റ മാറ്റുരച്ചു. വെയ്റ്റ് ലിഫ്റ്റിങ്ങില്‍ സംസ്ഥാനചാമ്പ്യന്‍, പവര്‍ ലിഫ്റ്റിങ്ങില്‍ സൗത്ത് ഇന്ത്യയില്‍ മൂന്നാംസ്ഥാനം, ഹാന്‍ഡ്‌ബോള്‍ സംസ്ഥാന ടീമംഗം, ജൂഡോയില്‍ സംസ്ഥാനതലത്തില്‍ വെങ്കലം, ഹോക്കി, വോളിബോള്‍ എന്നിവയില്‍ ജില്ലാ ടീമംഗം എന്നിങ്ങനെയായിരുന്നു ഫൗസിയയുടെ കായിക രംഗത്തെ പ്രകടനങ്ങള്‍.