ജെറ്റ് എയർവേയ്‌സ് സിംഗപ്പൂർ സർവീസുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവച്ചു

0

സിംഗപ്പൂർ : ജെറ്റ് എയർവേയ്‌സ് സിംഗപ്പൂരിലേക്കുള്ള എല്ലാ സർവീസുകളും നിർത്തിവച്ചതായി ചാങ്ങി എയർപോർട്ട് അറിയിച്ചു . ബാംഗ്ളൂരിലേക്കു സിംഗപ്പൂരിൽ നിന്നുള്ള ദിവസേനയുള്ള രണ്ടു സർവീസുകളാണ് ഇതോടെ ഇല്ലാതാകുന്നത് . എയർലൈൻ വഴിയോ ട്രാവൽ ഏജന്റ് വഴിയോ ടിക്കറ്റ് മാറ്റിയെടുക്കാൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ എയർപോർട്ട് ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട് . 

ജെറ്റിന്റെ നിയന്ത്രണം ബാങ്കുകള്‍ ഏറ്റെടുത്തിട്ടും കൂടുതല്‍ പ്രതിസന്ധിയിലൂടെ തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായിരുന്ന ജെറ്റ് എയര്‍വേയ്‌സ് ഇപ്പോള്‍ കടന്നുപോകുന്നത്. ഓരോ ദിവസവും കഴിയുമ്പോള്‍ വിമാന സര്‍വീസുകളുടെ എണ്ണം കുറഞ്ഞു വരികയാണ്.

ചൊവ്വാഴ്ച ആകെ നടത്തിയ വിമാന സര്‍വീസുകളുടെ എണ്ണം 32 എണ്ണം മാത്രമെന്ന് റിപ്പോര്‍ട്ട്. ജെറ്റ് എയര്‍വേസിന് ഇപ്പോള്‍ 22 വിമാനങ്ങള്‍ മാത്രമാണ് കൈവശമുള്ളത്. ഇതില്‍ 16 എണ്ണം മാത്രമാണ് സര്‍വീസ് നടത്തുന്നത്. ജെറ്റ് എയര്‍വേസിന്റെ വിമാനങ്ങള്‍ ജപ്തി ചെയ്തതോടെയാണ് സര്‍വീസുകളുടെ എണ്ണം കുറഞ്ഞത്. 

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 600ല്‍ പരം സര്‍വീസ് നടത്തിയിരുന്ന ഒരു വിമാന കമ്പനിയാണ് ഇപ്പോള്‍ 32 സര്‍വീസിലേക്കും 22 വിമാനങ്ങളിലേക്കും ചുരുങ്ങിയിട്ടുള്ളത്. ജെറ്റിന്റെ പ്രതിസന്ധിക്ക് ഇനിയും പരിഹാരമില്ലെങ്കില്‍ ഇന്ത്യന്‍ വ്യോമയാന മേഖലയെ ഗുരുതരമായി ബാധിക്കുമെന്നുറപ്പാണ്. ആഭ്യന്തര സര്‍വീസിലും, അന്താരാഷ്ട്ര സര്‍വീസലും വലിയ പ്രത്യാഘാതമാണ് ജെറ്റ് ഇപ്പോള്‍ നേരിടുന്നത്. ബാങ്കുകള്‍ നിയന്ത്രണം ഏറ്റെടുത്തതോടെ ജെറ്റ് എയര്‍വേസിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.