ജോർദാൻ തുറമുഖത്ത് വിഷവാതക ദുരന്തം; 10 മരണം, 251 പേർക്ക് പരുക്ക്

0

ജോർദാനിലെ തെക്കൻ തുറമുഖ നഗരമായ അക്കാബയിൽ വിഷവാതകം ചോർന്നു. വിഷവാതകം ശ്വസിച്ച്‌ പത്ത് പേർ മരിക്കുകയും 251 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഗ്യാസ് ടാങ്ക് കൊണ്ടുപോകുന്നതിനിടെയാണ് ചോർച്ചയുണ്ടായതെന്ന് ഔദ്യോഗിക ‘ജോർദാൻ ടിവി’ റിപ്പോർട്ട് ചെയ്തു.

ചരക്കുനീക്കത്തിനിടെ, വിഷവാതകം നിറച്ച ടാങ്ക് ക്രെയിനിന്റെ മുകളിൽ നിന്നു വീണതാണ് അപകട കാരണം. സമീപവാസികളെ ഒഴിപ്പിച്ച് മേഖല പൂർണമായും അടച്ചു. വാതകചോർച്ച തടയാൻ ശ്രമം തുടരുകയാണെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ടാങ്കറിൽ ഏതുതരം വസ്തുക്കളാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് അറിവായിട്ടില്ല. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോയതിന് ശേഷം പ്രദേശം സീൽ ചെയ്തതായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചു. 199 പേർ ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിലാണെന്ന് സർക്കാർ നടത്തുന്ന ടിവി ചാനലായ അൽ-മമാൽക്ക പറയുന്നു.

വാതക ചോർച്ചയുണ്ടായ സ്ഥലത്തുനിന്നും 25 കിലോമീറ്റർ അകലെയാണ് ജനവാസ മേഖല. വീടുകളിൽ തന്നെ കഴിയാനും ജനലുകളും വാതിലുകളും അടച്ചിടാനും ജനങ്ങളോട് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

വാതക ചോർച്ചയെ തുടർന്ന് സമീപ പ്രദേശങ്ങളിൽ അപകട സാധ്യത വർധിച്ചിട്ടുണ്ട്. ചോർച്ചയെക്കുറിച്ച് അന്വേഷിക്കാൻ വിദഗ്ധരെ അയച്ചിട്ടുണ്ട്.