സിംഗപ്പൂരിന് സ്വര്‍ണ്ണം നേടി ജോസഫ്‌ സ്കൂളിംഗ്

0
Joseph Schooling

ചില ജയങ്ങള്‍ക്ക് മാസ്മരികത കൂടുതല്‍ ആയിരിക്കും. കുഞ്ഞു മോഹങ്ങള്‍ മനസ്സില്‍ താലോലിച്ചു അതിനായി കഠിനമായ പരിശ്രമം ചെയ്തു വിജയം കൊയ്യുമ്പോള്‍ അതിന് സന്തോഷം ഏറും…. കീഴടക്കുന്നത്‌ വമ്പന്‍ കൊടുമുടികളാവുമ്പോള്‍ അതിനു മാറ്റും കൂടും. സിംഗപ്പൂര്‍ എന്ന രാജ്യം ലോക കായിക ഭൂപടത്തില്‍ ചുവന്ന തിലകം ചാര്‍ത്തുന്നത് അങ്ങനെ ഒരു ചരിത്രം കൊണ്ടാണ്. നീന്തല്‍ കുളത്തിലെ കൊള്ളിയാനും  മിന്നല്‍ പിണരുമായ  അമേരിക്കയുടെ മൈക്കല്‍ ഫെപ്സ് കായിയ മാമാങ്കത്തില്‍ ചരിത്രം ഉറ്റു നോക്കുന്ന തിരിച്ചടി നേരിട്ടത് ഒരു സിംഗപ്പൂര്‍കാരനോടാണ്. ജോസഫ്‌ സ്കൂളിംഗ്. 50.39  സെക്കന്‍റ്സ്   എന്ന ഒളിംപിക് റെക്കോര്‍ഡ്‌ നേടി ജോസഫ്‌,  സ്വര്‍ണ്ണത്തില്‍ മുത്തമിടുമ്പോള്‍ മൈക്കല്‍ ഫെപ്സ് കരുതിയിരിക്കും  ഈ ബാലന്‍ തന്‍റെ ആരാധകന്‍ മാത്രം ആയിരുന്നില്ല എന്ന്. 21  വയസ്സ് മാത്രം പ്രായമുള്ള ഈ പയ്യന്‍ ഊളിയിട്ടു നീന്തിക്കയറിയത് ഒരു കായിക മത്സര മാഹാശ്ചര്യത്തിലേക്കാണ്.

File pic of Schooling with Michael Phelps in 2008
File pic of Schooling with Michael Phelps in 2008

സിംഗപ്പൂര്‍ ഡോവര്‍ റോഡിലെ ആംഗ്ലോ- ചൈനീസ് സ്കൂളില്‍ പഠനം കഴിഞ്ഞു യുണിവേര്‍സിറ്റി ഓഫ് ടെക്സാസ്സില്‍ വിദ്യാര്‍ഥിയായ സ്കൂളിംഗ്, കുഞ്ഞ് നീന്തല്‍ താരം ആയിരിക്കുമ്പോള്‍ തന്നെ നീന്തല്‍ ഇതിഹാസത്തിന്‍റെ കടുത്ത ആരാധകന്‍ ആയിരുന്നു. 2008 ല്‍ ജോസഫ്‌ അദ്ദേഹത്തോടൊപ്പം എടുത്ത ചിത്രം ഇപ്പോള്‍ ഒരു വിസ്മയം ആവുകയാണ്.

28th  SEA ഗെയിംസ്സില്‍ പങ്കെടുത്ത പങ്കെടുത്ത  ഇനങ്ങളില്‍ സ്വര്‍ണ്ണം നേടിയ ചരിത്രവും മെയ്‌ സ്കൂളിംഗ്, കോളിന്‍ സ്കൂളിംഗ് ദമ്പതികളുടെ ഒറ്റ മകനായ   ഈ പയ്യന് സ്വന്തമാണ്. 2014 ല്‍ മൂന്നു ഇനങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി, വെങ്കലം ഇവ നേടിയതും മറ്റൊരു നേട്ടം. ഇപ്പൊള്‍ നീന്തലില്‍ തന്‍റെ ഇനത്തില്‍ നേടാവുന്ന ഏറ്റവും വലിയ നേട്ടവും.

സിംഗപ്പൂര്‍ സന്തോഷിക്കുന്നു, തങ്ങളുടെ സ്കൂളിംഗിന്‍റെ ചരിത്ര നേട്ടം, അതും ഒരു തവണ ജയിച്ചാല്‍ നൂറു തവണ ജയിച്ച മാതിരി എന്ന് പറയാവുന്ന നേട്ടം. ഒരു സ്വര്‍ണ്ണത്തിനു ഒരു സ്വര്‍ണ്ണ മലയുടെ വലുപ്പം തോന്നിക്കുന്ന വിജയം.. തന്‍റെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഈ നേട്ടം സമര്‍പ്പിച്ച് വിനയമോടെ സ്കൂളിംഗ്……