കഠുവയിലെ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ് ; ആറു പേർ കുറ്റക്കാർ, ഒരാളെ വെറുതെ വിട്ടു

0

പഠാന്‍കോട്ട്: ജമ്മു കശ്മീരിലെ കഠുവയില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ആറു പ്രതികൾ‌ കുറ്റക്കാരെന്ന് കോടതി. പഠാന്‍കോട്ട് പ്രത്യേക കോടതിയാണ് ആറു പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്. ഒരാളെ വെറുതെ വിട്ടു.

ഗ്രാമമുഖ്യൻ സഞ്ജി റാം, മകൻ വിശാൽ, പൊലീസ് ഉദ്യോഗസ്ഥരായ ദീപക് കജൂരിയ, സുരേന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. പഠാന്‍കോട്ടിലെ ജില്ല സെഷന്‍സ് കോടതി ഉച്ചയ്ക്ക് രണ്ടു മണിക്ക് വിധി പ്രസ്താവിക്കും. പഠാൻകോട്ട് അതിവേഗകോടതിയിലെ ജില്ലാ സെഷൻസ് ജഡ്ജി തേജ്‍വീന്ദർ സിംഗാണ് വിധി പ്രഖ്യാപിക്കുന്നത്.

കുറ്റകൃത്യം നടന്ന് 16 മാസത്തിന് ശേഷമാണ് വിധി പ്രസ്താവിക്കുന്നത്. അടച്ചിട്ട മുറിയിലാണ് വിധി പ്രസ്താവം നടക്കുന്നത്. കേസിലെ രഹസ്യവിചാരണ ജൂണ്‍ മൂന്നിന് അവസാനിച്ചിരുന്നു. ആകെ എട്ടു പ്രതികളാണ് കേസിലുണ്ടായിരുന്നതെങ്കിലും ഒരാള്‍ പ്രായപൂര്‍ത്തി ആകാത്ത ആളാണെന്നുള്ള അവകാശവാദത്തെ തുടര്‍ന്ന് ഇയാളുടെ വിചാരണ തുടങ്ങിയിരുന്നില്ല.

നാടോടി സമുദായമായ ബഖര്‍വാലകളെ കഠ്‍വയിലെ രസാന ഗ്രാമത്തില്‍ നിന്ന് പുറന്തള്ളുക ലക്ഷ്യമിട്ട് എട്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. എട്ട് പ്രതികളാണ് കേസിലുള്ളത്. ഗ്രാമത്തിലെ പൗരപ്രമുഖനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സഞ്ജി റാമാണ് മുഖ്യ ഗൂഢാലോചകന്‍. ഇയാളുടെ അധീനതയിലുള്ള ക്ഷേത്രത്തിലാണ് പീഡനം നടന്നത്.

സജ്ഞി റാമിന്‍റെ മകന്‍ വിശാല്‍, പ്രായപൂര്‍ത്തിയെത്താത്ത അനന്തരവന്‍, സുഹൃത്ത്, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് കജൂരിയ എന്നിവര്‍ കൃത്യങ്ങളില്‍ നേരിട്ട് പങ്കെടുത്തു. കേസാദ്യം അന്വേഷിച്ച എസ്ഐ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സ്പെഷല്‍ പൊലീസ് ഓഫിസര്‍ സുരേന്ദര്‍ വര്‍മ എന്നിവര്‍ തെളിവ് നശിപ്പിക്കാനും കൂട്ട് നിന്നു.

ജമ്മു കശ്മീര്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. കേസിന്‍റെ കുറ്റപത്രം കഠ്‍വ കോടതിയില്‍ സമര്‍പ്പിക്കാന്‍ ഒരു കൂട്ടം അഭിഭാഷകര്‍ അനുവദിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് സുപ്രീം കോടതിയാണ് വിചാരണ പഠാന്‍കോട്ടിലെ അതിവേഗ കോടതിയിലേക്ക് മാറ്റിയത്.

സുരക്ഷാകാരണങ്ങളാല്‍ കശ്മീരില്‍നിന്ന് മാറ്റി പഞ്ചാബിലെ പഠാന്‍കോട്ടെ പ്രത്യേക കോടതിയിലായിരുന്നു കേസിന്റെ വിചാരണ നടന്നത്. അറസ്റ്റിലായ പ്രതികളെ അവിടുത്തെജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. വിധി പറയുന്ന പഠാന്‍കോട്ടെ പ്രത്യേക കോടതിയില്‍ സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്.

എട്ട് വയസുകാരിയായ പെണ്‍കുട്ടി ഏറെനേരം ക്രൂരമായ പീഡനത്തിന് ഇരയായിട്ടും എന്തുകൊണ്ട് കരയുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്തില്ലെന്ന് പ്രതിഭാഗം കോടതിയില്‍ ചോദിച്ചിരുന്നു. ഇവര്‍ക്ക് വേണ്ടി വാദിക്കുന്ന നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളിലും ഇതേ ചോദ്യം ഉന്നയിച്ചിരുന്നു.

കേസ് അന്വേഷിക്കുന്ന ജമ്മു കശ്മീര്‍ പൊലീസ് ക്രൈം ബ്രാഞ്ച്, പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതിൽ കുട്ടിക്ക് കഞ്ചാവും ക്ലോനസെപാം വിഭാഗത്തില്‍ പെടുന്ന 0.5 മില്ലി ഗ്രാം ഗുളികകളും നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു.

വലിയ അളവിൽ ഈ ഗുളികകളും മയക്ക് മരുന്നും നൽകിയത് ഭക്ഷണം കഴിക്കാതിരുന്ന എട്ട് വയസുകാരിയുടെ ശരീരത്തെ കോമ സ്റ്റേജിലേക്കെത്തിച്ചിരുന്നെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

കുറ്റപത്രപ്രകാരം തട്ടിക്കൊണ്ട് പോയ ശേഷം പെൺകുട്ടിയെ ഒരു പ്രാർത്ഥനാലയത്തിൽ വെച്ച് ക്രൂരമായി കൂട്ടബലാൽസംഗം ചെയ്ത് ഏഴ് ദിവസത്തോളം ബന്ദിയാക്കി പീഡിപ്പിച്ചെന്നാണ് കേസ്.

ഒരു കുറ്റവാളിയെ പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനായി മീററ്റിൽ നിന്ന് വിളിച്ച് വരുത്തുകയായിരുന്നെന്നും പറയുന്നു. ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മരണമുറപ്പിക്കാൻ കല്ല് കൊണ്ട് തലയ്ക്കടിയ്ക്കുകയും ചെയ്തിരുന്നു.

മൃതദേഹം കണ്ടെത്തുമ്പോൾ കുട്ടിയെ കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു. ഏപ്രിലിൽ 8 നാണ് കുറ്റപത്രം സമർപ്പിക്കപ്പെട്ടത്.