പാലക്കാട് തണ്ണിശ്ശേരിയില്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു

0

പാലക്കാട്: തണ്ണിശ്ശേരിയില്‍ ആംബുലന്‍സും മീന്‍ലോറിയും കൂട്ടിയിടിച്ച് എട്ടു പേര്‍ മരിച്ചു. രണ്ട് സംഭവങ്ങളിലായി ചികിത്സതേടിയവരെയുംകൊണ്ട് ജില്ലാ ആശുപത്രിയിലേക്ക് പോയ ആംബുലൻസ് മീൻലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരെല്ലാം ആംബുലൻസിലുണ്ടായിരുന്നവരാണ്.

നെന്മാറയില്‍ നിന്ന് പാലക്കാട് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. വാടാനംകുറിശ്ശി സ്വദേശികളായ സുബൈര്‍, ഫവാസ്, നാസര്‍, ഷൊര്‍ണൂര്‍ സ്വദേശികളായ ഉമ്മര്‍ ഫറൂഖ്, ഷാഫി, നെന്മാറ സ്വദേശികളായ സുധീര്‍, വൈശാഖ്, നിഖില്‍ എന്നിവരാണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ പാലക്കാട്‌ – കൊടുവായൂർ റൂട്ടിൽ തണ്ണിശ്ശേരി പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. നെല്ലിയാമ്പതിയില്‍ വിനോദയാത്ര പോകവെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടിരുന്നു. തുടര്‍ന്ന് നെന്മാറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രഥമ ശശുശ്രൂഷ നല്‍കിയതിന് ശേഷം ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ആംബുലന്‍സ് അപകടത്തില്‍ പെട്ടത്. നെല്ലിയാമ്പതിയിലെ അപകടത്തില്‍ ഇവര്‍ക്ക് ചെറിയ പരിക്കുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

ആംബുലന്‍സ് വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുക്കാന്‍ സാധിച്ചത്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോയമ്പത്തൂരിൽ നിന്ന് പുതുനഗരത്തേക്ക് മീൻ കൊണ്ടുവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.ടൗൺ സൗത്ത് പൊലീസ് കേസെടുത്തു.