ഒറ്റക്കാലിൽ കിളിമഞ്ജാരോ കീഴടക്കി മലയാളി യുവാവ്

0

സ്വപ്നങ്ങൾ സ്വർഗ്ഗകുമാരികളാണെന്ന് കവികൾ പാടിയിട്ടുണ്ട്. ആ സ്വപ്നങ്ങളുടെ നെറുകയിൽ എത്തിച്ചേരാൻ നാം ഓരോരുത്തരും അഹോരാത്രം പ്രവർത്തിക്കേണ്ടതായുണ്ട്. അത്തരമൊരു സ്വപ്നത്തിന്‌‍റെ നെറുകയില്‍ വലതുകാല്‍ ചവിട്ടി ഉറപ്പിച്ചിരിക്കയാണ് ആലുവ സ്വദേശിയായ നീരജ് ജോര്‍ജ് ബേബി എന്ന 32ക്കാരൻ. വിധിയുടെ പരീക്ഷണങ്ങളിൽ അടി പതറാതെയാണ് നീരജ് തന്‍റെ സ്വപ്ങ്ങൾ സ്വന്തമാക്കിയെതന്ന പ്രത്യേകത കൂടി ഈ നേട്ടത്തിനു പിന്നിലുണ്ട്.

ആഫ്രിക്കയിലെ ഏറ്റവും ഉയരമേറിയ കൊടുമുടി കിളിമഞ്ജാരോയുടെ നെറുകയില്‍ ഈ യുവാവ് വലതുകാല്‍ ചവിട്ടി ഉറപ്പിച്ചത് ഒറ്റക്കാലിലാണ്. മലമുകളില്‍ ചെറുപുഞ്ചിരി തൂകി ഇരുകൈയിലെയും ക്രച്ചസ് ആകാശത്തിലേക്ക് ഉയര്‍ത്തി നീരജ് എന്ന് മുപ്പത്തിരണ്ടുകാരന്‍ കാണിച്ച അസാമാന്യ ധൈര്യകിട്ടിയ ലൈക്കുകള്‍ക്കും ഷെയറുകള്‍ക്കും കണക്കുണ്ടായിരുന്നില്ല.

ഇടത്തേക്കാലിന്റെ എല്ലിനു ബാധിച്ച അർബുദം പടരാതിരിക്കാന്‍ ഇടതുകാല്‍ മുറിച്ചുമാറ്റി എന്നാല്‍, നീരജ് തളര്‍ന്നില്ല. വീണ്ടും തന്‍റെ സ്വപ്നങ്ങള്‍ക്കൊപ്പം യാത്ര തുടര്‍ന്നു. ഒടുവില്‍, 19,341 അടി ഉയരമുള്ള പര്‍വത മുകളില്‍ തന്‍റെ ആത്മവിശ്വാസത്തിന്‍റെ കൊടിനാട്ടി.

ഒക്ടോബര്‍ 10ന് ഊന്നുവടികളുടെ സഹായത്തോടെ മാത്രമാണ് നീരജ് കിളിമഞ്ജാരോ കയറി തുടങ്ങിയത്. ഒടുവില്‍ 17ാം തീയതി 19,341 അടി (5895 മീറ്റര്‍) ഉയരമുള്ള കൊടുമുടി കീഴടക്കി നീരജ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു, ‘ഇത് എന്റെ ജീവിതത്തിലെ അവിസ്മരണീയ നിമിഷമാണ്. വളരെയധികം വേദനയോടെ നേടിയ അഞ്ച് വര്‍ഷത്തെ സ്വപ്‌നം. പ്രോസ്റ്റെറ്റിക് കാലുകള്‍ ഇല്ലാതെ ഭിന്നശേഷികാര്‍ക്ക് അവരുടെ ആഗ്രഹപ്രകാരമുള്ള സ്വാതന്ത്ര്യമുണ്ടെന്ന് തെളിയിക്കാന്‍ ആഗ്രഹിച്ചു. നിങ്ങള്‍ ജിഎസ്ടിയും നികുതിയുമൊക്കെ ഈടാക്കിയാലും ഞങ്ങള്‍ക്ക് ഞങ്ങളുടെ സ്വപ്‌നം സാധ്യമാക്കാന്‍ കഴിയും!’

സുഹൃത്തുക്കളായ ശ്യാം ഗോപകുമാര്‍, ചാന്ദ്‌നി അലക്‌സ്, സിജോ, അഖില, പോള്‍ എന്നിവര്‍ക്കൊപ്പമായിരുന്നു നീരജിന്റെ സാഹസിക പര്‍വ്വതാരോഹണം. ഇത് ആദ്യമായിട്ടല്ല നീരജ് കൊടുമുടികള്‍ കീഴടക്കുന്നത്. ഇതിനുമുമ്ബ് നൈനിറ്റാളിലെ നൈന കൊടുമുടി, കോയമ്ബത്തൂരിലെ വെള്ളാങ്കിരി മല, വയനാട്ടിലെ പക്ഷി പാതാളം, കുറിഞ്ഞിമല, മൂന്നാറിലെ മലനിരകളുമൊക്കെ നീരജിന്റെ വലംകാല്‍ ചുവട്ടിലായി.

നീരജ് ട്രക്കര്‍ മാത്രമല്ല, മികച്ച കായിക താരം കൂടിയാണ്. 2015 ജര്‍മനിയിലെ പാരാ ബാഡ്മിന്റണ്‍ ലോക ചാമ്ബ്യന്‍ഷിപ്പില്‍ നീരജ് പങ്കെടുത്തിട്ടുണ്ട്. 2012ല്‍ ഫ്രാന്‍സില്‍ നടന്ന ഓപ്പണ്‍ പാരാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ചാമ്ബ്യനായിരുന്നു.

ആലുവ സ്വദേശിയായ പ്രൊഫസര്‍ സി എം ബേബിയുടെയും പ്രൊഫസര്‍ ഷൈലാ പാപ്പുവിന്റെയും മകനാണ് നീരജ്. ബയോ ടെക്‌നോളജിയില്‍ പി ജി ബിരുദധാരിയായ നീരജ് കൊച്ചി അഡ്വക്കറ്റ് ജനറല്‍ ഓഫീസിലാണ് ജോലി ചെയ്യുന്നത്.